പ്രവാസികള്‍ക്ക് സഭയെക്കുറിച്ച് അഭിമാനമുണ്ടാകണം: മാര്‍ പെരുന്തോട്ടം
1577217
Sunday, July 20, 2025 3:11 AM IST
ചങ്ങനാശേരി: സഭാസ്നേഹവും സമുദായബോധവും ഉറപ്പിച്ച് ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച അതിരൂപത പ്രവാസി സംഗമം കൂട്ടായ്മയുടെ സംഗമവേദിയായി. സെന്റ് മേരീസ് കത്തീഡ്രല്‍ പാരിഷ് ഹാളാണ് അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ പത്താം വാര്‍ഷികത്തിനും പ്രവാസി സംഗമത്തിനും വേദിയായത്.
അതിരൂപതയുടെ അതിര്‍ത്തികള്‍കടന്ന് കേരളത്തിനും ഭാരതത്തിനും പുറത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിരൂപതാംഗങ്ങളും അവരുടെ കുടുംബവുമാണ് അതിരൂപതയില്‍ നാമൊരു കുടുംബമെന്ന മുദ്രാവാക്യത്തിനുമുമ്പില് അണിനിരന്നത്.
അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ സ്ഥാപകന്‍ ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാതൃസഭയുടെ കൂട്ടായ്മയായ പ്രവാസിസമൂഹത്തിന് സ്വന്തം സഭയെക്കുറിച്ച് അഭിമാനമുണ്ടാകണമെന്ന് മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളിലൂടെയാണ് സഭയും സമൂഹവും വളര്‍ന്നതെന്നും നാടിന്റെ വളര്‍ച്ചയ്ക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, ഡയറക്ടര്‍ ഫാ. ടെജി പുതുവീട്ടിക്കളം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, സെന്‍ട്രല്‍ കോ ഓർഡിനേറ്റര്‍ സിബി വാണിയപ്പുരയ്ക്കല്‍, ജിസിസി കോ ഓർഡിനേറ്റര്‍ ബിജു മട്ടാഞ്ചേരി, ഗ്ലോബല്‍ കോ -ഓര്‍ഡിനേറ്റര്‍ ജോ കാവാലം, സാം പുത്തന്‍കളം എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുമ്പ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പതാക ഉയര്‍ത്തി. സൗദി ചാപ്റ്റര്‍ അംഗങ്ങളും പാറേല്‍ കൊയര്‍ ടീമും ചേര്‍ന്ന് പ്രവാസി അപ്പൊസ്തലേറ്റ് ആന്തം ആലപിച്ചു.
സമൂഹത്തില്‍ ക്രിയാത്മകമായ സേവനങ്ങള്‍ ചെയ്ത 13 പ്രവാസികളെയും കഴിഞ്ഞ വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും പുരസ്കാരം നല്കി ആദരിച്ചു. നസ്രാണി പാരമ്പര്യത്തിലുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.