പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം പാലമേൽ ഹോമിയോ ഡിസ്പെൻസറിക്ക്
1577220
Sunday, July 20, 2025 3:11 AM IST
ചാരുംമൂട്: സംസ്ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരത്തിൽ 98.33 ശതമാനം സ്കോർ നേടി ജില്ലയിൽ ഒന്നാംസ്ഥാനം പാലമേൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിക്ക്. സർക്കാർ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, രോഗീപരിചരണം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാനാണ് പുരസ്കാരം. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസമാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
നിലവിൽ ആസ്ത്മ അലർജി ക്ലിനിക്കിൽ ഡോക്ടറുടെ സേവനം തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. തൈറോയ്ഡ്, വെരിക്കോസ് വെയിൻ, പൈൽസ്, മൈഗ്രൈൻ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സകളും ആശുപത്രിയിൽ ലഭ്യമാണ്.
വയോജന ക്യാമ്പുകൾ, സ്ത്രീകൾക്കുവേണ്ടി പ്രത്യേകം ആരോഗ്യക്യാമ്പുകൾ, ജീവിത ശൈലീരോഗങ്ങൾ പരിഹരിക്കാൻ ക്യാമ്പുകൾ, എല്ലാ ദിവസവും സൗജന്യ യോഗാ പരിശീലനം എന്നിവയും നൽകുന്നു. മരുന്നുകൾക്കും കെട്ടിട നിർമാണത്തിനും പാലമേൽ പഞ്ചായത്ത് ഫണ്ടുകൾ വകയിരുത്തുന്നുണ്ട്. ചീഫ് മെഡിക്കൽ ഓഫീസറായി ഡോ. വി. സജീവും ആസ്ത്മ അലർജി ക്ലിനിക്കിൽ ഡോ. ശ്യാം മോഹനും സേവനമനുഷ്ഠിക്കുന്നു.