മെമുവിനു കൂടുതല്‍ റേക്കുകള്‍: പ്രതീക്ഷയോടെ തീരദേശ യാത്രക്കാർ
1577222
Sunday, July 20, 2025 3:11 AM IST
ആലപ്പുഴ: എറണാകുളം, തൃശൂര്‍ ഭാഗത്തേക്ക് ജോലിക്കുപോകുന്നവരും പഠിക്കാന്‍ പോകുന്നവരുമുള്‍പ്പെടെ തീരദേശ റെയില്‍പ്പാതയെ ദിവസേന ആശ്രയിക്കുന്ന നൂറുകണക്കിനാളുകളുണ്ട്. മെമുവിനു കൂടുതല്‍ റേക്കുകള്‍ വരുന്നെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. കൊല്ലത്തെത്തിയ റേക്കുകള്‍ ആലപ്പുഴയിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് യാത്രക്കാര്‍.
രാവിലെ 7.25ന് ആലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കെടുക്കുന്ന മെമു മാരാരിക്കുളം എത്തുമ്പോഴേക്കും യാത്രക്കാരെക്കൊണ്ടു നിറയും. പിന്നീടുള്ള സ്റ്റേഷനുകളില്‍നിന്ന് ഒരു വിധത്തിലാണ് യാത്രക്കാര്‍ തിക്കിത്തിരക്കി അകത്തേക്കു കയറുന്നത്. തിക്കിലും തിരക്കിലും പെട്ട് ഒരാളെങ്കിലും ദിവസേന തലകറങ്ങി വീഴും.
പിടിച്ചുനില്ക്കാന് പോലും ഇടമില്ലാതെ കഷ്ടപ്പെടുന്നവരുമായി തുറവൂരിലും കുമ്പളത്തും തീവണ്ടി പിടിച്ചിടും. പലര്‍ക്കും കൃത്യസമയത്ത് ജോലിക്കു കയറാന്‍ പറ്റാറില്ല. യാത്രാ ദുരിതത്തിനു പരിഹാരം കാണമെന്നും ആലപ്പുഴ-എറണാകുളം മെമു അനാവശ്യമായി പിടിച്ചിടരുതെന്നും ആവശ്യപ്പെട്ട് യാത്രക്കാര്‍ റെയില്‍വേക്കു പരാതി നല്‍കിയിരുന്നു.
ഒപ്പം മെമുവിന്റെ റേക്കുകളുടെ എണ്ണം 16 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പുതിയ റേക്കുകള്‍ എത്തുന്നതോടെ യാത്രക്കാരുടെ ഈ ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്.
പുതിയ റേക്കുകള്‍ എത്തുന്ന സന്തോഷം പങ്കിടാന്പോഴും ചില യാത്രക്കാര്‍ക്ക് ആശങ്കയുമുണ്ട്. ആലപ്പുഴയിലേക്കുള്ളതാണ് റേക്കുകളെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുള്ളതാണ് കാരണം. അതുകൊണ്ടുതന്നെ അടിയന്തര സാഹചര്യമുണ്ടായാല്‍ മറ്റെവിടേക്കെങ്കിലും റേക്കുകള്‍ കൊണ്ടുപോകുമോയെന്നും ഇവര്‍ ഭയക്കുന്നു.