വികസനം കാത്ത് പൂച്ചാക്കല്‍ ടൗണ്‍
1577474
Sunday, July 20, 2025 10:15 PM IST
പൂച്ചാക്കല്‍: പഴയകാല പ്രൗഢി പറയുന്നുണ്ടെങ്കിലും പൂച്ചാക്കല്‍ ടൗണിനു വേണ്ടത്ര വികസനം ഉണ്ടായിട്ടില്ല. അരൂര്‍ നിയോജകമണ്ഡലത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് പൂച്ചാക്കല്‍ ടൗണ്‍. തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ പങ്കിടുന്നതും എന്തിനും ഏതിനും നാട്ടുകാര്‍ ഓടിയെത്തുന്നതും പൂച്ചാക്കലിലാണ്. എന്നാല്‍, അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടുകയാണ് പൂച്ചാക്കല്‍ ടൗണ്‍.
ബസ് സ്റ്റാന്‍ഡ്് എന്ന ആശയത്തിന്
വര്‍ഷങ്ങളുടെ പഴക്കം
ആരാധനാലയങ്ങള്‍, കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തീരദേശ ഗ്രാമമാണ് പൂച്ചാക്കല്‍. ഹൃദയഭാഗമായ പൂച്ചാക്കല്‍ കവലയും പരിസരങ്ങളും സദാ ജനത്തിരക്കേറിയതാണ്. ഒരുദിവസം പൂച്ചാക്കല്‍ വഴി പോകുന്നതും പൂച്ചാക്കല്‍ സ്റ്റേ ചെയ്ത് പോകുന്നതുമായ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നൂറു കണക്കിന് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. ആലപ്പുഴ, ചേര്‍ത്തല,എറണാകുളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളുടെ സംഗമ സ്ഥലമാണ് പൂച്ചാക്കല്‍ ടൗണ്‍.
വിവിധ സ്ഥലങ്ങളിലെക്ക് യാത്ര ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഇവിടെ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തത് വലിയ ദുരിതമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് പതിവായ പൂച്ചാക്കല്‍ എത്തുന്ന ബസുകള്‍ ടൗണില്‍ തന്നെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇതുമൂലം ടൗണില്‍ ഗതാഗതക്കുരുക്ക് പതിവാണ്.
തുറവൂര്‍-പമ്പാ പാതയുടെ ആദ്യ പാലമായ തൈക്കാട്ടുശേരി-തുറവൂര്‍ പാലം പൂര്‍ത്തിയായപ്പോള്‍ മാക്കേക്കവലയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് ആലോചനകള്‍ നടത്തിയെങ്കിലും തീരുമാനങ്ങളിലേക്കെത്തിയില്ല. ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചാല്‍ മാത്രമെ ഈ ദുരിതത്തിനു പരിഹാരമാകുകയുള്ളു.
പൊതുമാര്‍ക്കറ്റ്
ഒരുകാലത്ത് വേമ്പനാട്ടു കായലില്‍നിന്നു പിടിക്കുന്ന മത്സ്യങ്ങളെ വള്ളങ്ങളില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്ന സ്ഥലമാണ് പൂച്ചാക്കല്‍ പൊതുമാര്‍ക്കറ്റ്. നിരവധി പച്ചക്കറി-പലചരക്ക് സ്ഥാപനങ്ങള്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വിവധ പ്രദേശങ്ങളില്‍നിന്നും നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്ന വലിയ തിരക്കുണ്ടായിരുന്ന മാര്ക്കറ്റുകൂടിയാണ്. എന്നാല്‍, ഇപ്പോള്‍ മാര്‍ക്കറ്റിന്റെ അവസ്ഥ ദയനീയമാണ്.
അടിസ്ഥന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതിനാല്‍ മാര്‍ക്കറ്റില്‍ മൂക്കുപൊത്തി മാത്രമേ കയറാന്‍ സാധിക്കുകയുള്ളൂ. മലിനജലം ശരിയായരീതിയില്‍ ഒഴുകിപ്പോകുന്നില്ല. മാര്‍ക്കറ്റ് നവീകരണം നടത്തിയെങ്കിലും അശാസ്ത്രീയമായ രീതിയില്‍ ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു.
പൂച്ചാക്കല്‍ ടൗണില്‍ മൂത്രപ്പുര ഇല്ല
പൂച്ചാക്കല്‍ ടൗണില്‍ മൂത്രപ്പുരകളില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിവൃത്തിയുമില്ലാത്ത ദുരവസ്ഥയിലാണ്. വ്യാപാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കടകളിലെ ജീവനക്കാര്‍ വ്യാപാര കേന്ദ്രത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ വലയുകയാണ്. മാര്‍ക്കറ്റിനകത്ത് മൂത്രപ്പുര ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്്. തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ഹൈമാസ്റ്റ് ലൈറ്റും കാമറയും നോക്കുകുത്തി
പൂച്ചാക്കല്‍ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞിട്ട് ഒരുവര്‍ഷം കഴയുന്നു. രാത്രി കടകള്‍ അടച്ചുകഴിഞ്ഞാല്‍ പൂച്ചാക്കല്‍ ഇരുട്ടിലാകും. പ്രധാന ജംഗ്ഷനായ ഇവിടെ ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോയിട്ടുവരുന്നവരും രാത്രി യാത്രക്കാരും വെളിച്ചമില്ലാത്തതുമൂലം ദുരിതത്തിലാണ്. വ്യാപാരസ്ഥാപനങ്ങളില്‍നിന്നു തള്ളുന്ന മാലിന്യങ്ങളും കക്കൂസ് മാലിന്യവും റോഡരികില്‍ ഒഴുക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയായപ്പോഴാണ് തൈക്കാട്ടുശേരി പഞ്ചായത്ത് മുന്‍കൈയെടുത്ത് പൂച്ചാക്കല്‍ പാലത്തിലും മാക്കേക്കവലയ്ക്ക് വടക്കുഭാഗത്തുമായി കാമറകള്‍ സ്ഥാപിച്ചത്.
എന്നാല്‍, നാളിതുവരെയായി ഇത് പ്രവര്‍ത്തിച്ചു കാണാനുള്ള ഭാഗ്യം ജനങ്ങള്ക്കുണ്ടായിട്ടില്ല. നാടിന്റെ ഹൃദയഭാഗത്തെ അപാകതകളും കുറവുകളും പരിഹരിച്ച് വികസനത്തിന്റെ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പൂച്ചാക്കല്‍ ടൗണിന്റെ മുഖഛായതന്നെ മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂച്ചാക്കല്‍ ടൗണില്‍ പൊതു ടോയ്ലറ്റ് ഇല്ലാത്തത് ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. ടൗണില്‍ പൊതു ടോയ്ലറ്റ് സ്ഥാപിക്കാനുള്ള സ്ഥലം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന് നല്കുകയാണെങ്കില് ടോയ്ലറ്റ് സ്ഥാപിച്ചു നല്കാന് ബ്ലോക്ക് പഞ്ചായത്ത് തയാറാണ്.
അഡ്വ. വി.ആർ. രജിത
(തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
നാടിന്റെ അടിസ്ഥാന വികസനം കൊണ്ടുവരുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. എന്തെല്ലാം മാറ്റങ്ങങ്ങള്‍ വേണമെന്ന് ജനകീയ കൂട്ടായ്മയിലൂടെ ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം. പദ്ധതികള്‍ക്കായി ഫണ്ട് മാറ്റിവയ് ക്കുമ്പോള് ദീര്‍ഘവീക്ഷണം ഉണ്ടാവണം. ഇതൊന്നും നടക്കാതെ പോകുമ്പോഴാണ് പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നത്
വി. ബൈജു.
(പൂച്ചാക്കല്‍ ടൗണിലെ വ്യാപാരി)