ലീഡിംഗ് ചാനല്‍ ആഴം കൂട്ടൽ: മണലെടുപ്പ് നിർത്തിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
1577475
Sunday, July 20, 2025 10:15 PM IST
ഹരിപ്പാട്: വീയപുരം മുതല്‍ തോട്ടപ്പള്ളിവരെയുള്ള ലീഡിംഗ് ചാനല്‍ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചെറുതന, പാണ്ടി, പെരുമാങ്കര ഭാഗത്ത് നടക്കുന്ന മണലെടുപ്പ്/ഡ്രഡ്ജിംഗ് വര്‍ക്കുകള്‍ അടിയന്തരമായി നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് കത്ത് നല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ഡ്രെഡ്ജിംഗ് വര്‍ക്കുകള്‍ നടക്കുകയാണ്.
ചെറുത പഞ്ചായത്തിലെ 1,3,12,13 വാര്‍ഡുകള്‍ പൂര്‍ണമായും തകര്‍ന്ന സ്ഥിതിവിശേഷമാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡുകള്‍ ആകെ തകര്‍ന്നു. പാണ്ടി, പെരുമാങ്കര പാലങ്ങള്‍ അപകഭീഷണിയിലാണ്. ഒരു പഠനവും നടത്താതെ തികച്ചും അശാസ്ത്രീയമായ വിധത്തിലാണ് മണലെടുക്കുന്നത്. ഡ്രെഡ്ജിംഗ് കരാര്‍കാലാവധി അവസാനിച്ച ശേഷവും കരാര്‍ കാലാവധി ദീര്ഘിപ്പിക്കുന്നതിള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.
ഇക്കാര്യത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ബുദ്ധിമുട്ടും കണക്കിലെടുത്ത് നിലവില്‍ നടന്നുവരുന്ന ഡ്രെഡ്ജിംഗ് പ്രവര്‍ത്തനങ്ങളുടെ കാലാവധി ഒരു തരത്തിലും ദീര്‍ഘിപ്പിച്ച് നല്‍കരുതെന്നും ഡ്രെഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രിക്ക് നല്കിയ കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കൂടാതെ ഡ്രെഡ്ജിംഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭാഗമായി തകര്‍ന്ന റോഡുകള്‍ കരാറുകാരന്റെ ചെലവില്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം കൂടി നല്‍കണമെന്നും മന്ത്രിക്ക് നല്കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.