ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ
1577476
Sunday, July 20, 2025 10:15 PM IST
എടത്വ: പച്ചയിൽ പൊതുജനങ്ങൾക്ക് അപകടഭീഷണിയായി ട്രാൻസ്ഫോർമർ കാട്ടുവള്ളി മൂടിയ നിലയിൽ. നടപ്പാതയിലെ സഞ്ചാരം ഭീതിയോടെന്ന് നാട്ടുകാർ. കെഎസ്ഇബി തകഴി സെക്ഷൻ പരിധിയിൽപ്പെട്ട പച്ച എരവുകരി പാടത്തിന്റെ പാടിഞ്ഞാറേക്കരയിൽ മോട്ടർതറയ്ക്ക് സമീപം സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് കട്ടുവള്ളി മൂടിയ നിലയിലായത്. ട്രാൻസ്ഫോർമറിൽ മൂടിയ വള്ളി വൈദ്യുതി ലൈനിലേക്കും പടരാൻ തുടങ്ങി. കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഇതിനു സമീപത്തെ നടപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
മഴ ശക്തിപ്രാപിക്കുമ്പോൾ ട്രാൻസ്ഫോർമറിന് താഴെ വെള്ളം നിറയും. ഈ സമയം വഴിയിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഭയമാണ്. വൈദ്യുത പ്രസരണം ഏൽക്കാൻ സാധ്യത കൂടുതലായിട്ടും കാട്ടുവള്ളി വെട്ടിമാറ്റാനുള്ള നടപടി കെഎസ്ഇബി തകഴി സെക്ഷൻ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല. പരാതിപ്പെട്ടാലും ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം സംഭവിക്കുമ്പോൾ മാത്രം ഓടിവരാതെ മുൻകൂട്ടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.