കെപിഎംഎസ് സമ്മേളനത്തിൽ രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടി: രണ്ടു പേര്‍ക്കു പരിക്ക്
1577513
Sunday, July 20, 2025 10:58 PM IST
മാവലിക്കര: കെപിഎംഎസ് ബൈജു കലാശാല വിഭാഗത്തിന്റെ ജില്ലാ സമ്മേളനം നടന്ന നഗരസഭ ടൗണ്‍ ഹാളിനു മുന്നിലേക്ക് പുന്നല വിഭാഗത്തിന്റെ പ്രതിഷേധം നടന്നു.
തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. സംഘടനയില്‍ അംഗത്വം പോലും ഇല്ലാത്തവരാണു കെപിഎംഎസിന്റെ പേരില്‍ സമ്മേളനം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പുന്നല വിഭാഗത്തിന്റെ പ്രതിഷേധം. സംഭവത്തില്‍ ബൈജു കലാശാല വിഭാഗത്തിലെ രഘുവരന്, സി.സി. ബാബു എന്നിവര്‍ക്കു പരിക്കറ്റു.
ഇന്നലെ രാവിലെ 11നാണു സംഭവങ്ങളുടെ തുടക്കം. കെപിഎംഎസ് ജില്ലാ കണ്വന്ഷന് നഗരസഭ ടൗണ്‍ഹാളില്‍ ഇന്നലെ സംസ്ഥാന പ്രസിഡന്റ് എല്‍. രമേശന് ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പുന്നല വിഭാഗം ആളുകളെത്തി സമ്മേളനം ഔദ്യോഗികം അല്ലെന്നും സംഘടനയില്‍ അംഗത്വം ഇല്ലാത്തവരുടെ സമ്മേളനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ബഹളം വച്ചു.
ഇതിനിടെ ചിലര്‍ ടൗണ്‍ഹാളിനു മുന്നില്‍ സ്ഥാപിച്ച കൊടിമരം, റജിസ്ട്രേഷന് കൗണ്ടറിലെ മേശ എന്നിവ മറിച്ചിട്ടു, ഹാളിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
അപ്പോഴേക്കും ബൈജു കലാശാല വിഭാഗം ടൗണ്‍ ഹാളിന്റെ പ്രധാന വാതില്‍ അടച്ചിട്ട് അകത്തു സമ്മേളനം നടത്തി. പുന്നല വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. സംഘര്‍ഷം ഉടലെടുത്തതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ സി. ശ്രീജിത് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.
സമ്മേളനം അവസാനിപ്പിച്ചു കലാശാലാ വിഭാഗം പോയാല്‍ തങ്ങള്‍ പിരിഞ്ഞുപോകാമെന്നു പുന്നല വിഭാഗം നേതാക്കള്‍ സമ്മതിച്ചു. ഇതോടെ പുന്നല വിഭാഗം പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ വളപ്പില്‍നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ യോഗം അവസാനിപ്പിച്ചു ബൈജു കലാശാല ഉള്‍പ്പെടെയുള്ള നേതാക്കളും പുറത്തെത്തി മടങ്ങി.
കലാശാല വിഭാഗക്കാര്‍ പോയതിനു പിന്നാലെ പുന്നല വിഭാഗക്കാന്‍ നഗരത്തില്‍ പ്രകടനം നടത്തി.
പ്രകടനം നടത്തി റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് പുന്നല വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പരിക്കേറ്റതായി പറഞ്ഞിരുന്നെങ്കിലും പരിക്കേറ്റവര്‍ മൊഴിതരാനോ മറ്റോ വന്നില്ലെന്നും ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സിഐ സി. ശ്രീജിത്ത് അറിയിച്ചു.