ജ​ന​നാ​യ​ക​ർ രാ​വി​ലെ ത​ന്നെ വോ​ട്ടു ചെ​യ്തു
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​ന്നു​ള്ള ജ​ന​നേ​താ​ക്ക​ൾ കു​ടും​ബ​സ​മേ​ത​മെ​ത്തി വോ​ട്ടു ചെ​യ്തു. ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നു മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ​നേ​താ​വും ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​നാ​യ​ക​ർ, ആ​ദ്യ​കേ​ര​ള മ​ന്ത്രി​സ​ഭ​യി​ലെ വ​നി​താ പ്ര​തി​നി​ധി തു​ട​ങ്ങി ജി​ല്ല​യു​ടെ ജ​ന​നാ​യ​ക​രെ​ല്ലാം രാ​വി​ലെ ത​ന്നെ വോ​ട്ടു ചെ​യ്യാ​നെ​ത്തി. നൂ​റാം​വ​യ​സി​ലും ആ​ദ്യ​വോ​ട്ടി​ന്‍റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഗൗ​രി​യ​മ്മ എ​സ്ഡി​വി സ്കൂ​ളി​ലെ 206-ാം ന​ന്പ​ർ ബൂ​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പ​റ​വൂ​ർ ഗ​വ. എ​ച്ച്എ​സ് പ​റ​വൂ​രി​ലെ 87-ാം ന​ന്പ​ർ ബൂ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ, മ​ക​ൻ ന​വ​നീ​ത് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ആ​ല​പ്പു​ഴ എ​സ്ഡി​വി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തോ​ടെ വോ​ട്ടു​ചെ​യ്തു.
ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​രീ​പ​റ​ന്പ് വി.​വി. ഗ്രാ​മ​ത്തി​ലെ ഉ​ത്പാ​ദ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ 106-ാം ബൂ​ത്തി​ൽ രാ​വി​ലെ ത​ന്നെ വോ​ട്ടു ചെ​യ്്തു. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കു​ടും​ബ​വും തൃ​പ്പെ​രു​ന്തു​റ ഗ​വ. യു​പി സ്കൂ​ളി​ലെ 152-ാം ബൂ​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യാ​ണ് രാ​വി​ലെ ത​ന്നെ വോ​ട്ടു ചെ​യ്ത​ത്. കേ​ര​ള ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ​റ​വൂ​ർ ഗ​വ. എ​ച്ച്എ​സി​ൽ 86-ാം ബൂ​ത്തി​ൽ വോ​ട്ടു​ചെ​യ്തു. മ​ക​ൻ അ​രു​ണ്‍ കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.