കോട്ടയം: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സഹകരണത്തോടെ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ശാസ്ത്രി റോഡിലും ചങ്ങനാശേരി അരമനപ്പടിയിലും പള്ളിക്കൂട്ടുമ്മ ഖാദി പാലസിലും മല്ലപ്പള്ളി ഖാദി പ്ലാസയിലും ഓണം, ബക്രീദ് ഖാദി മെഗാ ഡിസ്കൗണ്ട് മേള ഇന്നാരംഭിക്കും. ശാസ്ത്രി റോഡിലെ ഖാദി ഭവൻ അങ്കണത്തിൽ 10ന് ഉച്ചയ്ക്ക് 12നു തോമസ് ചാഴികാടൻ എംപി ഓണം, ബക്രീദ് ഖാദി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ചാസ് പ്രസിഡന്റും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്. ജോസഫ് വാണിയപ്പുരയ്ക്കൽ ആദ്യവിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാംഗം സാബു പുളിമൂട്ടിൽ, ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, ചാസ് ഖാദി ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, ചാസ് ഖാദി ജനറൽ മാനേജർ ജോണ് സക്കറിയാസ് എന്നിവർ പ്രസംഗിക്കും.
പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, കാഷ്മീർ, മുർഷിദാബാദ്, ഛത്തീസ്ഗഢ്, ഒഡീഷാ, ബീഹാർ എന്നിവിടങ്ങളിൽനിന്നുള്ള അതിവിപുലമായ ഖാദി സിൽക്ക്-കോട്ടൻ സാരി സെക്ഷൻ, ഗിഫ്റ്റ് എന്പോറിയം, മിനി യൂപ്പർ മാർക്കറ്റ്, ഫർണീച്ചറുകളുടെ ഓർഡർ വർക്കുകൾ ഉൾപ്പെടെയുള്ള വിപുലമായ ഫർണീച്ചർ ഷോറൂം, ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കുർത്തകൾ, ചുരിദാറുകൾ, ചുരിദാർ മെറ്റീരിയലുകൾ, കോലാപ്പൂരി ചെരിപ്പുകൾ, ജൂട്ട് ബാഗുകൾ, പഞ്ഞിമെത്തകൾ, കാർപ്പറ്റുകൾ, നാടൻ രീതിയിൽ തയാർ ചെയ്ത ശുദ്ധമായ ഖാദി ഭക്ഷ്യ ഉത്പന്നങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റംസ്, ട്രോഫികൾ, തേൻ, തേനുത്പന്നങ്ങൾ, ചന്ദന ഉത്പന്നങ്ങൾ തുടങ്ങി പതിനായിരത്തിൽപരം ഖാദി ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. ഖാദി ബോർഡുമായി ചേർന്ന് 16 മുതൽ ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റും കരകൗശലവസ്തുക്കൾക്കും ഫർണീച്ചറുകൾക്കും അഞ്ചു ശതമാനം മുതൽ 50 ശതമാനം വരെയും മറ്റു ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടും സ്വർണസമ്മാന പദ്ധതികളും ഉണ്ടായിരിക്കും. ഒന്നാം സമ്മാനം 10 പവൻ, രണ്ടാം സമ്മാനം 5 പവൻ, മൂന്നാം സമ്മാനം ജില്ലാ അടിസ്ഥാനത്തിൽ 1 പവൻ. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. സർക്കാർ-ബാങ്ക്-പൊതുമേഖല ജീവനക്കാർക്കും അധ്യാപക, അനധ്യാപക ജീവനക്കാർക്കും തവണകളായി തിരിച്ചടയ്ക്കത്തക്ക രീതിയിൽ സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. മേള സെപ്റ്റംബർ 10ന് സമാപിക്കും. പത്രസമ്മേളനത്തിൽ ചാസ് ഖാദി ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ജനറൽ മാനേജർ ജോണ് സക്കറിയാസ്, അസിസ്റ്റന്റ് മാനേജർ കെ.സി. ജോജോ, ഖാദി ഭവൻ മാനേജർ കുര്യാക്കോസ് ആന്റണി എന്നിവർ പങ്കെടുത്തു.