കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്ത്രീകൾക്ക് മർദനം
Saturday, August 17, 2019 10:24 PM IST
മാവേലിക്കര: കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്ത്രീകളെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തു.

അറനൂറ്റിമംഗലം രാജീവ് ഭവനത്തിൽ രാജീവ് (42), അറുനൂറ്റിമംഗലം പുത്തൂർവില്ലയിൽ ഷിബു (45) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കല്ലുമല സ്വദേശി ബിനുലാൽ ഒളിവിലാണ്. ആക്കനാട്ടുകര കളഭം വീട്ടിൽ സുരഭി, മാതാവ് സുനിത എന്നിവരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ 15ന് വൈകുന്നേരം 4.45 ഓടെ ആക്കനാട്ടുകര ദേവീക്ഷേത്രത്തിന്‍റെ സഹകരണ ബാങ്കിനടുത്തുള്ള വഞ്ചിക്ക് സമീപമായിരുന്നു സംഭവം.

സുരഭിയും മാതൃസഹോദരനായ സുഭാഷും സഞ്ചരി ച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടി ക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സുരഭി മാതാപിതാ ക്കളെ വിളിച്ചുവരുത്തി.

പ്രതിയായ രാജീവ് ഇവരുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിനെത്തുടർന്ന് സുരഭിയും അമ്മ സുനിതയും ചേർന്ന് രാജീവിന്‍റെ പക്കൽ നിന്നും ഫോണ്‍ പിടിച്ചുവാങ്ങാൻ ശ്രമക്കുന്നതിനിടെ രാജീവ് സുനിതയെയും സുരഭിയെയും മർദിക്കുകയായിരുന്നു.

മർദനത്തിൽ സുനിതയുടെ മുഖത്തും അടിവയറിലും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തി സംഭവസ്ഥലത്തുനിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന ബിനുലാൽ രക്ഷപ്പെട്ടു.

ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായി പോലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ സുനിതയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.