പ​ല്ലാ​രി​മം​ഗ​ലം സാ​ക്ഷി​യാ​യ​ത് സ​മാ​ന​മാ​യ ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​ക​ൾ​ക്ക്
Wednesday, December 4, 2019 11:33 PM IST
മാ​വേ​ലി​ക്ക​ര : പ​ല്ലാ​രി​മം​ഗ​ലം എ​ന്ന കൊ​ച്ചു ഗ്രാ​മം സാ​ക്ഷി​യാ​യ​ത് സ​മാ​ന​മാ​യ ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കാ​ണ്. ഇ​വി​ടെ ന​ട​ന്ന ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും നി​ര​വ​ധി സാ​മ്യ​ത​യു​മു​ണ്ട്. അ​ന്നും കു​രു​ന്നു​ക​ൾ സാ​ക്ഷീ​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു എ​ന്ന​തും വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ​വെ​ച്ചാ​യി​രു​ന്നു എ​ന്ന​തും സ​മാ​ന​ത​ക​ളാ​ണ്. ആ​ദ്യ​ത്തെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത് 2003ലാ​ണ്. അ​യ​ൽ​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ല്ലാ​രി​മം​ഗ​ലം തു​ണ്ട​യ്യ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു​വും ഭാ​ര്യ ക​മ​ലാ​സി​നി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ വീ​ടി​നു മു​ന്നി​ൽ വ​ച്ചു ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു സാ​ക്ഷി​ക​ളാ​വേ​ണ്ടി വ​ന്ന​ത് ഇ​വ​രു​ടെ പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ രാ​ജ​ൻ ആ​യി​രു​ന്നു പ്ര​തി. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. 2018 ഏ​പ്രി​ൽ 23നു ​വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് ബി​ജു​വി​നെ​യും ശ​ശി​ക​ല​യെ​യും ത​ല​ക്ക​ടി​ച്ചു കൊ​ല്ലു​ന്ന​തി​നു സാ​ക്ഷി​യാ​യ​ത് ഇ​വ​രു​ടെ ആ​റു​വ​യ​സു​കാ​ര​ൻ മ​ക​ൻ ദേ​വ​നാ​യി​രു​ന്നു.