ചേർത്തല: കാക്കിക്കുള്ളിലെ കർഷക സഹോദരന്മാർ നാടിനും പോലീസ് സേനയ്ക്കും അഭിമാനമാകുന്നു. കാക്കി ഉൗരിയാൽ കൃഷിയിടത്തിലേക്ക്... അതാണിപ്പോൾ ചേർത്തല മായിത്തറ പതിച്ചേരിവെളിയിൽ വിനോദിന്റെയും, വിനീഷിന്റെയും ജീവിതരീതി. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയിലും കാർഷികമേഖലയെ ജീവിതത്തോടു ചേർത്തു നിർത്തുന്ന ഇവരുടെ പ്രയത്നത്തിനു കൂട്ടായി കൃഷിയിടത്തിലേക്ക് ഒരു കൈസഹായവുമായി കുടുംബം ഒന്നടങ്കം ഉണ്ടാകും.
ചേർത്തല മായിത്തറ പതിച്ചേരിവെളിയിൽ ദാമോദരന്റെയും, ലീലയുടെയും മക്കളാണ് വിനോദും, വിനീഷും. വിനോദ് അർത്തുങ്കൽ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും, വിനീഷ് മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇവർ കാർഷിക വൃത്തിയിൽ സജീവമാണ്. അച്ഛൻ ദാമോദരൻ മുഴുവൻ സമയ കർഷകനായിരുന്നു. അഞ്ചുമാസം മുന്പാണ് മരിച്ചത്. പോലീസിൽ ജോലി ലഭിച്ചിട്ടും ഇവർ കൃഷിയെ കൈവിട്ടില്ല. വീടിനോടു ചേർന്നുള്ള അരയേക്കർ സ്ഥലത്ത് കൃഷി സജീവമാണ്. ചീര,പയർ, വെണ്ട, ഇളവൻ, വെള്ളരി എന്നിവയാണ് പ്രധാന വിളകൾ. കരകൃഷിയായി കപ്പയും വാഴയുമുണ്ട്. ജൈവ വളം ഉപയോഗിച്ചാണ് കൃഷി.
പുലർച്ച അഞ്ചുമുതൽ ഇവർ പാടത്തിറങ്ങി തടമെടുക്കലും വളമിടലും മറ്റു പരിചരണങ്ങളും തുടങ്ങും. മുടങ്ങാതെയുള്ള കൃഷിപ്പണി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. രാത്രി ഡ്യൂട്ടിയുള്ളപ്പോൾ അതുകഴിഞ്ഞ് രാവിലെ ഒന്പതോടെ കൃഷിയിടത്തിലേക്കിറങ്ങും. അമ്മ ലീല, വിനോദിന്റെ ഭാര്യ ബീന, മക്കളായ അനന്തകൃഷ്ണൻ, അരുണ് കൃഷ്ണൻ, വിനീഷിന്റെ ഭാര്യ നിമ്മി, മക്കളായ ആദിദേവ്, നിളതീർത്ഥ എന്നിവരും പിതാവിന്റെ സഹോദരി ഗൗരിയും പാടത്ത് കൃഷിപ്പണിക്കു സഹായത്തിനായി എപ്പോഴും കൂടെയുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും എത്തിയിരുന്നു.
ഒൗദ്യോഗിക ജീവിതത്തിനിടയിലെ മാനസിക പിരിമുറുക്കത്തിന് ആശ്വാസവും, സന്തോഷവും ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് വിനോദ് പറഞ്ഞു. കാർഷിക മേഖലയിലേയ്ക്ക് യുവജനങ്ങളെ ആകർഷിച്ചാൽ വഴിതെറ്റിപ്പോകുന്ന യുവത്വങ്ങളെ തിരിച്ചു പിടിക്കാനാവുമെന്നാണ് വിനീഷിന്റെ വിലയിരുത്തൽ. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയിലും കൃഷിയെ ജീവിതത്തോട് ചേർത്ത് നിർത്തുന്ന സഹോദരന്മാർ നാടിനാകെ അഭിമാനമാകുകയാണ്.