അന്പലപ്പുഴയിൽ പോരാട്ടം
ഇഞ്ചോടിഞ്ച്
അന്പലപ്പുഴ: പാൽപ്പായസത്തിന്റെ മണ്ണിൽ ജില്ലാ പഞ്ചായത്തിലേക്ക് ഇഞ്ചോടിഞ്ച് പോരാട്ടം. തുടർച്ചയായി രണ്ടുതവണ ലഭിച്ച ഡിവിഷൻ നിലനിർത്താൻ യുഡിഎഫ് കച്ചകെട്ടുന്പോൾ വിദ്യാർഥിനിയെ രംഗത്തിറക്കി സീറ്റ് തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി ശ്രമം. വോട്ട് വർധിപ്പിച്ച് ശക്തി തെളിയിക്കാൻ എൻഡിഎയും രംഗത്ത്. മുൻ ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ ബിന്ദു ബൈജുവിനെയാണ് സ്ഥാനാർഥിയായി യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 2010ൽ ജില്ലാ പഞ്ചായത്തംഗമായിരുന്ന ബിന്ദു ബൈജു കഴിഞ്ഞ അഞ്ചു വർഷം അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. 1995 ൽ ആദ്യ ജില്ലാ പഞ്ചായത്തംഗമായി കോണ്ഗ്രസിലെ ജി. മുകുന്ദൻപിള്ളയാണ് വിജയിച്ചത്.
2000ൽ കോണ്ഗ്രസിൽനിന്ന് സിപിഐ സ്ഥാനാർഥിയായ കെ. മഹേശ്വരിയമ്മ സീറ്റ് തിരിച്ചുപിടിച്ചു. 2005ലും സിപിഐയിലെ പ്രഫ. എൻ. ഗോപിനാഥ പിള്ളയിലൂടെ സീറ്റ് ഇടതു മുന്നണി നിലനിർത്തി. എന്നാൽ 2010 ൽ കോണ്ഗ്രസിലെ ബിന്ദുബൈജുവും 2015ൽ എ.ആർ. കണ്ണനും വിജയിച്ചു. തുടർച്ചയായി രണ്ടുതവണ കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാൻ ഇത്തവണ ഇടതു മുന്നണി രംഗത്തിറക്കിയിരിക്കുന്നത് വിദ്യാർഥിനിയായ പി. അഞ്ജുവിനെയാണ്. എഐഎസ്എഫ് സംസ്ഥാന കൗണ്സിലംഗമായ പി. അഞ്ജു ഡിഗ്രി പഠനത്തിനു ശേഷം നിയമ പഠനത്തിനു പോകാൻ തയാറെടുക്കുന്നതിനിടെയാണ് ഈ നിയോഗം ഏറ്റെടുത്തത്. നെഹ്റു യുവ കേന്ദ്ര, പോലീസ് എന്നിവയിൽ വോളന്റിയറായി പ്രവർത്തിച്ച അനുഭവപാരന്പര്യവും ഈ വിദ്യാർഥിനിക്കുണ്ട്. ആർഎസ്എസ് കുടുംബത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായി സുസ്മിതാ ജോബി എൻഡിഎ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇരു മുന്നണിക്കും അവസരം നൽകിയിട്ടുള്ള അന്പലപ്പുഴ ഡിവിഷനിലെ വോട്ടർമാർ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാർഥികളും.
വെണ്മണി ഇക്കുറി
ആരെ തുണയ്ക്കും
ചെങ്ങന്നൂർ: ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെണ്മണി. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ ഭാഗങ്ങൾ ഉൾപ്പെട്ടതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ജെബിൻ പി. വർഗീസ് 5,177 വോട്ടുകൾക്കാണ് ഇവിടെനിന്നു വിജയിച്ചത്. ഡിവിഷൻ രൂപവത്കരിച്ച ശേഷം ഒരു തവണ പോലും യുഡിഎഫിന് വിജയം തൊടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ കാലത്തിന്റെ കണക്കുകളുടെ ബലത്തിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. വെണ്മണി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണായിരുന്ന മഞ്ജുളാദേവി ശ്രീകുമറിനെയാണ് തട്ടകം നിലനിർത്താൻ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.
കോണ്ഗ്രസ് ഗാന്ധിദർശൻ സിമിതി ജില്ലാ ഉപാധ്യക്ഷയാണ് യുഡിഎഫ് സ്ഥാനാർഥി അനിതാ സജി. എൻഡിഎ സ്ഥാനാർഥി സ്മിത ഓമനക്കുട്ടൻ ബിജെപി മഹിള മോർച്ചയുടെ മാവേലിക്കര നിയോജകമണ്ഡലം ട്രഷററുമാണ്.
തഴക്കര, തെക്കേക്കര, വെണ്മണി പഞ്ചായത്തുകൾ പൂർണമായും ആലാ, ചെട്ടികുളങ്ങര പഞ്ചായത്തുകളുടെ മൂന്നു വാർഡുകളും ചേർന്നതാണ് ജില്ലാ പഞ്ചായത്തിന്റെ വെണ്മണി ഡിവിഷൻ. വെണ്മണി എന്ന ചെങ്ങന്നൂർ താലൂക്കിലെ പ്രദേശത്തിന്റെ പേരാണ് ഡിവിഷനെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്നതാണ്. മാവേലിക്കര താലൂക്കിലെ തഴക്കരയും തെക്കേക്കരയും നിലവിൽ ഇടതു ഭരണത്തിൻ കീഴിലാണ്. വെണ്മണി പഞ്ചായത്താവട്ടെ യുഡിഎഫ് ഭരണത്തിന്റെ കീഴിലുമാണ്.
ഇവിടെ എൻഡിഎ (ബിജെപി) ശക്തതമായ സാന്നിധ്യമാണ്. എൻഡിഎ കഴിഞ്ഞ തവണ പതിനൊന്നായിരത്തിൽപരം വോട്ടുകൾ പിടിച്ച് ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. മാറിയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ ഡിവിഷനിൽ എൽഡിഎഫിന്റെ കുത്തക തകർക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും യുഡിഎഫും. അതേസമയം തങ്ങളുടെ കോട്ട ഇളക്കം തട്ടാതെ കാക്കാനാവുമെന്ന ആത്മവിശ്വാസം എൽഡിഎഫിനുമുണ്ട്.
ചന്പക്കുളത്ത് യുവത്വവും
പരിചയസന്പന്നതയും
ഏറ്റുമുട്ടുന്പോൾ
എടത്വ: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ ചന്പക്കുളം ഡിവിഷനിൽ ഇക്കുറി തീപാറുന്ന പോരാട്ടം. ഒരേ മുന്നണിയിൽ പ്രവർത്തിച്ചവർ നേർക്കുനേർ ഏറ്റുമുട്ടുന്പോൾ സ്ഥാനാർഥികൾക്ക് വിജയലക്ഷ്യം മാത്രം. എടത്വ, തലവടി, നെടുമുടി, ചന്പക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും തകഴിയിലെ ഏഴും, കൈനകരിയിലെ ഒരു വാർഡും ചേർന്നതാണ് ചന്പക്കുളം ഡിവിഷൻ. കാർഷിക മേഖലയ്ക്ക് മുൻ തൂക്കമുള്ള ഇവിടെ നെൽ കർഷകരാണ് ബഹുഭൂരിപക്ഷവും. നെല്ല് സംഭരണം ഉൾപ്പെടെ നിരവധി കാർഷിക പ്രശ്നങ്ങൾ അലട്ടുന്ന കുട്ടനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾക്ക് വിയർക്കേണ്ടിവരും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് വിജയിച്ച ബിനു ഐസക് രാജുവാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി. ജോസ് കെ. മാണിയുടെ മുന്നണിമാറ്റത്തോടെ ജോസ് വിഭാഗത്തിൽ ഉറച്ചുനിന്ന ബിനു ഐസക് രാജുവിന് എൽഡിഎഫ് സീറ്റ് നൽകുകയായിരുന്നു. കേരള കോണ്ഗ്രസ് സീറ്റ് ഏറ്റെടുത്തതോടെ എൻസിപിക്ക് സീറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥി ജോളി പോളിനെ 9438 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബിനു ഐസക് രാജു ചന്പക്കുളം ഡിവിഷൻ പിടിച്ചെടുത്തത്. തലവടി ടിഎംടി ഹൈസ്കൂളിൽ അധ്യാപികയും എടത്വ ഗ്രാമപഞ്ചായത്ത് അംഗവും മുൻവികസന സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായി പ്രവർത്തിച്ചിട്ടുണ്ട്. നൂറ് ശതമാനം ജില്ലാ പഞ്ചായത്ത് പദ്ധതി ചെലവഴിച്ചെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥി.
യുഡിഎഫ് ഇക്കുറി യുവസ്ഥാനാർഥിക്ക് സീറ്റ് നൽകി. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. ജോസഫ് ഗ്രൂപ്പ് അവകാശവാദവുമായി രംഗത്ത് എത്തിയെങ്കിലും അന്ത്യനിമിഷത്തിൽ ജോസഫ് ഗ്രൂപ്പ് വഴങ്ങിക്കൊടുത്തു.
യുവത്വത്തിന് ഒരുവോട്ട് എന്ന പ്രഖ്യാപനവുമായാണ് ടിജിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എടത്വാ സെന്റ് അലോഷ്യസ് കോളജിൽനിന്ന് രാഷ്ട്രീയ ജിവിതം ആരംഭിച്ച ടിജിൻ ജോസഫ് തുടർച്ചയായി മൂന്നുവർഷം കെഎസ്യു ചെയർമാനായി പ്രവർത്തിച്ചു.
കെഎസ്യു ജില്ല, സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് എടത്വാ മണ്ഡലം പ്രസിഡന്റായാണ് പൊതുജീവിതം ആരംഭിച്ചത്. എടത്വാ സെന്റ് അലോഷ്യസ് കോളജ് നോണ്ടീച്ചിംഗ് സ്റ്റാഫ് അമൃത കുര്യനാണ് ഭാര്യ.
പൊതുരംഗത്തും സിനിമസീരിയൽ രംഗത്തും സജ്ജീവമായ മുൻ എടത്വ ഗ്രാമപഞ്ചായത്ത് അംഗം ജെയ്സപ്പൻ മത്തായിയാണ് എൻഡിഎ സ്ഥാനാർഥി. കുട്ടനാടിന്റെ രാഷ്ട്രീയത്തിൽ കഴിഞ്ഞ 42 വർഷമായി സജീവ സാന്നിധ്യമാണ്. 1995ൽ എടത്വ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചെയർമാനായിരുന്നെങ്കിലും സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. റേഡിയോ നാടകത്തിലൂടെ കലാജിവിതം അരങ്ങേറിയ ജയ്സപ്പൻ മത്തായി ഇതിനോടകം 25 സിനിമകളിലും, നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സീരിയലിൽ സഹനടനുള്ള അവാർഡും ലഭിച്ചു. പതിനേഴു വർഷമായി നെ ഹ്റുട്രോഫി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. ഉമ്മൻ ചാണ്ടി, പിണറായി മന്ത്രിസഭകളിൽ അഡീഷണൽ പി.എയായി പ്രവർത്തിച്ചിട്ടുണ്ട്.
കൃഷ്ണപുരത്ത് യുവ
അഭിഭാഷകരുടെ പോരാട്ടം
കായംകുളം: ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും മാറ്റത്തിനായി എൻഡിഎയും പ്രചാരണം ശക്തമാക്കിയതോടെ പോരാട്ടം മുറുകി. എൽഡിഎഫിന്റെ കുത്തകയായിരുന്ന കൃഷ്ണപുരം ഡിവിഷൻ 2010 ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് യുവ നേതാവ് അഡ്വ. കെ.പി. ശ്രീകുമാറിലൂടെ പിടിച്ചു. കഴിഞ്ഞ 2015ലെ തെരഞ്ഞെടുപ്പിൽ അരിതബാബുവിലൂടെ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. ഇത്തവണ സീറ്റ് നിലനിർത്താൻ അഡ്വ. കെ.പി. ശ്രീകുമാറിനെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഡിവിഷൻ തിരിച്ചുപിടിക്കാൻ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും യുവ സിപിഎം നേതാവുമായ അഡ്വ. ബിബിൻ സി. ബാബുവിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
ഡിവിഷനു കീഴിലെ പഞ്ചായത്തുകൾ ഭൂരിഭാഗവും കഴിഞ്ഞതവണ ഇടതുപക്ഷമാണ് ഭരിച്ചത്. വള്ളികുന്നം പഞ്ചായത്തിലെ എട്ടു വാർഡുകളും കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, കണ്ടല്ലൂർ പഞ്ചായത്തിലെ അഞ്ചു വാർഡുകളും ഉൾപ്പെട്ടതാണ് കൃഷ്ണപുരം ഡിവിഷൻ.
കെ.പി. ശ്രീകുമാർ (44) കായംകുളം ബാറിലെ അഭിഭാഷകനും കെപിസിസി സെക്രട്ടറിയുമാണ്. കേരള യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്സിൽ മെന്പർ, നാഷണൽ ഫിലിം സെൻസർ ബോർഡ് മെന്പർ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നിങ്ങനെ ശ്രീകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
അഡ്വ. ബിബിൻ സി. ബാബു(37) ഡിവൈഎഫ്ഐ, സിപിഎം മുൻ നിരയിലെ യുവ നേതാവാണ്. പത്തിയൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പ്രസന്നകുമാരിയുടെ മകനുമാണ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കായംകുളം ഏരിയ പ്രസിഡന്റ്, ഏരിയ സെക്രട്ടറി, രണ്ടുതവണ കേരള യൂണിവേഴ്സിറ്റി, സെനറ്റ് അംഗം, ഡിവൈഎഫ്ഐ കായംകുളം ഏരിയ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. കായംകുളം ബാറിലെ അഭിഭാഷകനുമാണ്. ചെട്ടികുളങ്ങര സ്വദേശിയായ എസ്. ഹരിഗോവിന്ദി(24) നെയാണ് ഇവിടെ എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിലെ അവസാനവർഷ നിയമ ബിരുദ വിദ്യാർഥിയാണ്. യുവമോർച്ച ജില്ലാ വൈസ്പ്രസിഡന്റുമാണ്.
മുളക്കുഴയിൽ വീറും
വാശിയുമായി മുന്നണികൾ
ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്തിലെ മുളക്കുഴ ഡിവിഷനിൽ മുന്പെങ്ങുമില്ലാത്ത വീറും വാശിയുമാണ് ഇക്കുറി. മുന്നണികൾക്ക് വിജയം അഭിമാന പ്രശ്നമാണ്. കുറച്ചുകാലമായി ഇടതുപക്ഷം കുത്തകയാക്കിവച്ചിരിക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് മുളക്കുഴ. മുതിർന്ന കോണ്ഗ്രസ് നേതാവ് കെ.ആർ. രാജപ്പൻ ഒരു തവണ ഇവിടെ വിജയക്കൊടി നാട്ടിയിട്ടുണ്ട്. പക്ഷെ, അത് ഡിവിഷൻ വിഭജനത്തിനു മുന്പാണ്. പിന്നീട്, യുഡിഎഫിന് മുളക്കുഴ കിട്ടാക്കനി.
അധ്യാപികയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ സി.കെ. ഹേമലത (ഹേമലത ടീച്ചർ)യാണ് ഡിവിഷൻ നിലനിർത്താൻ പോരാട്ടത്തിനിറങ്ങുന്നത്. യുഡിഎഫിന്റെ പോരാളി മുൻ ഗ്രാമപഞ്ചായത്തംഗമായിരുന്ന മഹിളാ കോണ്ഗ്രസ് ട്രഷറർ കോണ്ഗ്രസിലെ ഉഷാ ഭാസിയാണ്. യുവമോർച്ചയുടെ ജില്ല കമ്മിറ്റിയംഗം എസ്. സൗമ്യയാണ് എൻഡിഎ സ്ഥാനാർഥി. മുളക്കുഴ ഡിവിഷനു കീഴിൽ മുളക്കുഴ, ചെറിയനാട്, പഞ്ചായത്തുകളും ആലാ പഞ്ചായത്തിന്റെ 10 വാർഡുകളും പുലിയൂർ പഞ്ചായത്തിന്റെ മൂന്നു വാർഡും ബുധനൂരിന്റെ അഞ്ചു വാർഡുകളും ഉൾപ്പെടുന്നു. ഇതിൽ ആലാ ഒഴിച്ചുള്ളവ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളാണ്.
18 വാർഡുകളുള്ള മുളക്കുഴ പഞ്ചായത്തിൽ സിപിഎം മാത്രമാണ് പഞ്ചായത്തു ഭരണം കൈയാളിയിരിക്കുന്നത്. യുഡിഎഫിനോ എൻഡിഎയ്ക്കോ ഇവിടെ ഭരണം പിടിക്കാനായിട്ടില്ല. ആലയിൽ യുഡിഎഫ് ആണ് നിലവിലെ ഭരണകക്ഷി. പ്രതിപക്ഷത്ത്് ബിജെപിയും. കഴിഞ്ഞ തവണത്തെ വോട്ടു നില: ഭൂരിപക്ഷം 3,333. അഡ്വ. വി. വേണു (സിപിഎം)-18,822, അഡ്വ. ഡി. നിഗേഷ് കുമാർ (കോണ്ഗ്രസ്) -15,489, ബി. കൃഷ്ണകുമാർ (ബിജെപി)-9,602, സിബിഷ് ചെറുവല്ലൂർ (സ്വതന്ത്രൻ)-1,035, അസാധു-52.