ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളിലെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. പദ്ധതി നടത്തിപ്പിൽ അഴിമതി ഉണ്ടെന്നതിന് തെളിവാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിജിലൻസ് ഇപ്പോൾ കേസുകളെടുക്കുന്നത്.
ലൈഫ് മിഷൻ, കിഫ്ബി എന്നിവിടങ്ങളിലെ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തി കേസെടുത്തതിന് പിന്നാലെ കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നു. അന്വേഷണ ഏജൻസിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇഡിയേയും സിഎജിയേയും കുറ്റം പറയുന്ന സർക്കാരും പാർട്ടിയും വിജിലൻസ് നടത്തുന്ന പരിശോധനകളെക്കുറിച്ച് എന്തുപറയും. മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള വിജിലൻസ് ധനമന്ത്രിയുടെ വകുപ്പിലാണ് പരിശോധന നടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. കേരളത്തിന് ഇതുപോലെ നാണംകെട്ട ഒരു അവസ്ഥ ഇതിന് മുമ്പാണ്ടായിട്ടില്ല. ഇവിടെ എന്തുമാകാമെന്ന നിലയിലാണ് സർക്കാർ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലക്ഷ്യബോധമില്ലാതെ പ്രവർത്തിക്കുന്ന കേരളത്തിലെ ഇടതുമുന്നണി സർക്കാരിണതിരെയുള്ള വിധിയെഴുത്തായിരിക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ബി. ബാബുപ്രസാദ്, കെപിസിസി സെക്രട്ടറി എബികുര്യാക്കോസ്, പി.ജെ. മാത്യു, ടി. സുബ്രഹ്മണ്യദാസ്, സുനിൽ ജോർജ്, പി. നാരായണൻകുട്ടി, എ.എൻ. പുരം ശിവകുമാർ, പ്രഫ. നെടുമുടി ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമത്തിൽ പി.വി. ജോണ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി. ബാബുപ്രസാദ്, എഐസിസി അംഗം കെ.എൻ. വിശ്വനാഥൻ, അഡ്വ. എബി കുര്യാക്കോസ്, ഇ.വൈ.എം. ഹനീഫാ മൗലവി, സുനിൽ പി. ഉമ്മൻ, ജ്യോതി വിജയകുമാർ, ഷിബു ഉമ്മൻ, അഡ്വ. ഡി വിജയകുമാർ, നളന്ദാ ഗോപാലകൃഷ്ണൻ നായർ, അഡ്വ. ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ, ബിപിൻ മാമ്മൻ, ഹരി പാണ്ടനാട്, സണ്ണി കോവിലകം, ചെറിയാൻ കുതിരവട്ടം, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ഉഷാ ഭാസി, ശ്രീദേവി, അനിതാ സജി, യൂത്ത് കോണ്ഗ്രസ് നേതാക്കളായ വരുണ് മട്ടയ്ക്കൽ, ഗോപു പുത്തൻമടത്തിൽ, എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട് നിയോജക മണ്ഡലം തല തെരഞ്ഞെടുപ്പ് പ്രചരണ യോഗം ചിങ്ങോലി ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് അമ്പലപ്പുഴ ബ്ലോക്കിനു കീഴിലെ സ്ഥാനാർത്ഥി സംഗമം പുന്നപ്രയിലും ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ. റസാക്ക് അധ്യക്ഷത വഹിച്ചു.