കാഞ്ഞിരപ്പള്ളി: തെരുവുനായ ശല്യത്തില്‍ നിന്നു നാടിനെ രക്ഷിക്കുവാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എബിസി പ്രോഗ്രാം, തെരുവുനായ്ക്കളുടെ വന്ധീകരണം, തെരുവുനായ ഷെല്‍ട്ടര്‍ സംവിധാനം, പ്രതിരോധ കുത്തിവയ്പ്പ് എന്നീ വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം ഉണ്ടാകണമെന്നും ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഏകദിന പരിശീലനപരിപാടി സംസ്ഥാനത്തിനാകെ മാതൃകാപരമാണെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. മെംബർമാരായ ടി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമല ജോസഫ്, ഷക്കീല നസീര്‍, ജൂബി അഷറഫ്, ജോഷി മംഗംലം, പി.കെ. പ്രദീപ്, സാജന്‍കുന്നത്ത്, ടി.ജെ. മോഹനന്, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഫൈസല്‍ എസ്, ജോയിന്റ് ബിഡിഒ സിയാദ് ടി.ഇ. തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ജിജിന് ക്ലാസ് നയിച്ചു. കാഞ്ഞിരപ്പള്ളി സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വിനു ഗോപിദാസ് തയാറാക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖയുടെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. വിഇഒമാര്‍, സ്കൂള്‍ അധികൃതര്‍, പിടിഎ, പത്രവിതരണക്കാര്‍, ഗ്യാസ് സപ്ലൈയേഴ്സ്, പോസ്റ്റുമാന്, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പരിശീലനം നേടിയവര്‍.