ചങ്ങനാശേരി: മാവേലിക്കര ലോക്സഭാ നിയോജക മണ്ഡലത്തിലെ ചങ്ങനാശേരി, കുട്ടനാട് അസംബ്ലി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ വൈദ്യുതി പ്രസരണ വിതരണ വികസനത്തിന് 46 കോടി രൂപയുടെ പദ്ധതികള്‍ തയാറായതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
വൈദ്യുതി വിതരണ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആധുനികവും മികച്ചതുമായ സേവനം നല്‍കുന്നതിന് വേണ്ടി കേന്ദ്ര ഊര്‍ജ മന്ത്രാലയം കെഎസ്ഇബി വഴി നടപ്പാക്കുന്ന പദ്ധതിയായ റീവാംപ്ഡ് ഡിസ്ട്രിബ്യുഷന്‍ സെക്ടര്‍ സ്കീം പദ്ധതിയില്‍പ്പെടുത്തി മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയോജക മണ്ഡലത്തിലും പള്ളം പുഞ്ച സെക്ഷന്റെ കീഴില്‍ വരുന്ന കുട്ടനാട് നിയോജക മണ്ഡലത്തിലെ നീലംപേരൂര്‍, കാവാലം പഞ്ചായത്തുകളിലും ഉള്ള ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പെടെ ഗുണമേകുന്ന പദ്ധതിയുടെ വിശദരേഖ തയാറാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് സമര്പ്പിച്ചിരിക്കുന്നതായും എംപി പറഞ്ഞു.
ഗുണമേന്മയുള്ള വൈദ്യുതി
തടസംകൂടാതെ
ഊര്‍ജ പ്രസരണ വിതരണ രംഗത്തുള്ള പരിഷ്കരണ പ്രവൃത്തികള്‍, ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുക, ഊര്‍ജ മേഖലയിലെ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത, എന്നിവ ഉറപ്പ് വരുത്തുവാനാണ് റീവാംപ്ഡ് ഡിസ്ട്രിബ്യുഷന്‍ സെക്ടര്‍ സ്കീം പദ്ധതി ലക്ഷ്യമിടുന്നത്.
റീവാംപ്ഡ് ഡിസ്ട്രിബ്യുഷന്‍ സെക്ടര്‍ സ്കീം പദ്ധതിയുടെ ജില്ലയില്‍ ചങ്ങനാശേരിയില്‍ ഉള്‍പ്പെടെ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെഎസ്ഇബി ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തില്‍ ഇന്ന് രണ്ടിന് കോട്ടയ്ത് ശില്പശാല നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.
പദ്ധതികള്‍ ഇപ്രകാരം
ചങ്ങനാശേരി: പള്ളം പുഞ്ച സെക്ഷന്റെ കീഴില്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ ചെറുകര, പനച്ചുവട് എന്നിവിടങ്ങളില്‍ പുതിയ 100 കെവിഎ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നു. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍വഴി പുതിയ പതിനൊന്ന് കിലോവോള്‍ട്ട് അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും അധിക ശുപാര്‍ശയായി നല്‍കിയിട്ടുണ്ട്.
ചങ്ങനാശേരി സബ് സ്റ്റേഷനില്‍നിന്ന് മുന്തിരിക്കവലവരെ 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ജോലികള്‍, ആനന്ദാശ്രമം റെയില്‍വേ ഓവര്‍ബ്രിഡ്ജ് മോര്‍ക്കുളങ്ങര (ചങ്ങനാശേരി ഫീഡറിന് വേണ്ടി)1.2 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള കേബിള്‍ മുന്തിരിക്കവല, ചെത്തിപ്പുഴക്കടവ്, ചെത്തിപ്പുഴക്കടവ് വാഴപ്പിള്ളി എന്നിവിടങ്ങള്‍വരെ ഉള്‍പ്പെടും.
റീകണ്ടക്ടറിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലുള്ള ടവറുകളില്‍ പുതിയ വയറുകള്‍ സ്ഥാപിക്കാനും അതുവഴി വാഹക ശേഷി വര്‍ധിപ്പിക്കാനുമുള്ള പദ്ധതികളും ആവിഷ്കരിച്ച് അനുമതിക്കായി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയില്‍ ചങ്ങനാശേരി, കുറിച്ചി, വാകത്താനം, തൃക്കൊടിത്താനം, കറുകച്ചാല്‍ എന്നിവിടങ്ങളിലാണ് പതിനൊന്ന് കെവി ലൈനില്‍ വാഹക ശേഷി വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ചങ്ങനാശേരി, കുറിച്ചി, തെങ്ങണ, തൃക്കൊടിത്താനം, ലോ ടെന്‍ഷന്‍ ലൈനുകളില്‍ റീകണ്ടക്ടറിംഗ് നടത്തും.
പുതിയ ലോ ടെന്‍ഷന്‍ ലൈനുകള്‍ കടകന്തറ മലയനടി പാടശേഖരം, പൂവത്ത് തൊള്ളായിരം പാടശേഖരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും അംഗീകാരത്തിനായി നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.