കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജനപങ്കാളിത്തത്തോടെ നടത്തുന്ന പഞ്ചായത്തുതല ശുചീകരണ കാമ്പയിന്റെ ഉദ്ഘാടനം മാന്നാര്‍ സിലോണ്‍ കവലയില്‍ നടന്നു. നവകേരളം കര്‍മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരള മിഷന്, ശുചിത്വ മിഷന്, തദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ “വൃത്തിയുള്ള നവകേരളം 2025’’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രവര്‍ത്തനമായി “വലിച്ചെറിയല്‍ മുക്ത കേരളം’’ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു കാമ്പയിന്.
പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി പഞ്ചായത്തിന്റെ അതിര്‍ത്തിയായ മാന്നാര്‍ സിലോണ്‍ കവല മുതല്‍ കോട്ടയം-എറണാകുളം റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കുകയും തുടര്‍ന്ന് ചെടികള്‍ വച്ച് മനോഹരമാക്കുന്നതിനുമാണ് പഞ്ചായത്ത് കര്‍മപരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. റോഡിന്റെ വശങ്ങളില് മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലും ചെടികളും പൂന്തോട്ടങ്ങളും വന്നു കഴിയുമ്പോള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കുമെന്നും മാലിന്യമുക്ത പ്രദേശമായി റോഡരിക് മാറ്റിയെടുക്കാമെന്നും പദ്ധതി ലക്ഷ്യമിടുന്നു.
പഞ്ചായത്തിന്റെ ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീയംഗങ്ങള്‍, യുവജന സംഘടനകള്‍, വിവിധ ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കര്‍മപദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ 19 വാര്‍ഡുകളിലും പ്ലാസ്റ്റിക് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടുകളില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഈ കളക്ഷന്‍ സെന്ററുകളില്‍ ശേഖരിക്കുകയും പഞ്ചായത്തിലെ എംസിഎഫിലേക്ക് മാറ്റുകയും അവിടെനിന്നും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
എംസിഎഫ് പ്ലാന്റില്‍ ജൈവ കമ്പോസ്റ്റ് സംവിധാനത്തിനുള്ള തുമ്പൂര്‍മൂഴി പ്ലാന്റും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. തുമ്പൂര്‍മൂഴി പ്ലാന്റില്‍ മികച്ച ജൈവവളം ഉദ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, പഞ്ചായത്തംഗങ്ങളായ ശാന്തമ്മ രമേശന്, കെ.എസ്. സുമേഷ്, സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കന്, എന്‍.ബി. സ്മിത, ജാന്‍സി സണ്ണി, ലൈസമ്മ തോമസ്, സെക്രട്ടറി പി.വി. ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബാബുലാല്‍, പീറ്റര്‍ മ്യാലിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.