വൈക്കം: ആശുപത്രിയിലെ വാട്ടർ ടാങ്കിന് മീതെ ജൈവ പച്ചക്കറി തോട്ടമൊരുക്കി ആശുപത്രി ജീവനക്കാർ. വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വാട്ടർടാങ്കിന് മീതെയാണ് ഗ്രോ ബാഗുകളിൽ പച്ചക്കറി തോട്ടമൊരുക്കി ജീവനക്കാർ മാതൃകയായത്.
ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ഇ.ജെ. പവിത്രൻ, ജോൺസൺ, ഷൈൻ, സെക്യൂരിറ്റി ചീഫ് ദേവദാസ്, ഡ്രൈവർമാരായ നവാസ്, ഹരി, സന്തോഷ് എന്നിവർ ചേർന്നാണ് ഗ്രോബാഗ്, ചട്ടി, തെർമോകോൾ ബോക്സ് , കുട്ട, ബക്കറ്റ് എന്നിവയിലായി തക്കാളി, വഴുതന, പാവൽ, പയർ, വെണ്ട, കാബേജ്, പച്ചമുളക്, കുറ്റി കുരുമുളക്, ഉണ്ട മുളക്, മഞ്ഞൾ, ഇഞ്ചി, പൂച്ചെടി എന്നിവ കൃഷി ചെയ്തത്.
വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകം തുടങ്ങിയവ വളമായി നൽകി പരിപോഷിപ്പിച്ച കൃഷിയിൽ മികച്ചവിളവാണ് ലഭിച്ചത് ആശുപത്രി സൂപ്രണ്ട്, ആർഎംഒ തുടങ്ങിയവർ കൃഷിക്ക് നിർലോഭമായ പ്രോത്സാഹനമാണ് നൽകുന്നത്. കൗതുകത്തിനു നട്ട തക്കാളിച്ചെടികളിൽനിന്ന് മികച്ച വിളവ് ലഭിച്ചതിനെത്തുടർന്നാണിവർ കൃഷി വിപുലീകരിച്ചത്. പച്ചക്കറി കൃഷിയിലെ വിജയത്തെത്തുടർന്ന് പഴകൃഷി കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി ജീവനക്കാർ.