മുണ്ടക്കയം: മാലിന്യ സംസ്കരണത്തിനും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഹരിത കർമസേന പ്രവർത്തനം വിപുലീകരിക്കൽ എന്നിവയ്ക്കും ഊന്നൽ നൽകി മുണ്ടക്കയം പഞ്ചായത്തിന്റെ 2023-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 38,52,31,376 രൂപ വരവും 37,84,73,346 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അവതരിപ്പിച്ചത്.
സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ഡ്രൈവിംഗ് പരിശീലനം, ബ്യൂട്ടീഷൻ കോഴ്സ്, പരിസ്ഥിതി സംരക്ഷണത്തിനായി കാർബൻ ന്യൂട്രൽ പ്രോജക്ട്, ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ ട്രീറ്റ്മെന്റ് പ്ലാന്റ്, ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം, ഷോപ്പിംഗ് കോംപ്ലക്സ് നവീകരണം, അതിദരിദ്രർക്ക് മൈക്രോപ്ലാൻ, ജൽ ജീവൻ മിഷൻവഴി സമ്പൂർണ ശുദ്ധജല വിതരണം, ഗ്രാമീണ റോഡുകളുടെ വികസനം, സമ്പൂർണ ഭവന നിർമാണം, തിലകൻ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ പൂർത്തികരണം, അങ്കണവാടികൾ, സ്കൂളുകൾ എന്നിവ സ്മാർട്ടാക്കൽ, വയോജനസൗഹൃദ പദ്ധതികൾ, തകർച്ചയെ നേരിടുന്ന റബർ കർഷകകരെ സംരക്ഷിക്കാൻ പോത്തുഗ്രാമം, പട്ടികജാതി - പട്ടിക വർഗ ക്ഷേമത്തിന് നിരവധി പദ്ധതികൾ, വിദ്യാർഥികൾക്ക് പഠനമുറി, ലാപ്ടോപ്, പഠന ഉപകരണം, യുവതീയുവാക്കൾക്ക് കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
മണ്ണും ജലവും സംരക്ഷിക്കാനായി മഹാത്മാഗാന്ധി തൊഴിൽ ഉറപ്പ് പദ്ധതിക്കായി നാലരക്കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെംബർമാർ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.