ജില്ലാ കളക്ടര്‍ക്ക് കോട്ടയം പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും
1298572
Tuesday, May 30, 2023 1:32 AM IST
കോട്ടയം: സര്‍വീസില്‍നിന്നു വിരമിക്കുന്ന ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്നേഹാദരവും യാത്രയയപ്പും നല്കി. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു പൗരാവലിയുടെ ഉപഹാരമായി ഫലകവും നിലവിളക്കും സമ്മാനിച്ചു.
കോവിഡ് മഹാമാരി കാലത്ത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും രോഗികള്‍ക്കു വൈദ്യസഹായം ഉറപ്പാക്കുന്നതിലുമടക്കം മാതൃകാപരമായ ഇടപെടലുകള്‍ നടത്താന്‍ കളക്ടര്‍ക്കു സാധിച്ചുവെന്നും കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലും ജനങ്ങള്‍ക്ക് ആശ്വാസമാകാനും ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി കൃത്യമായ ഇടപെടലുകള്‍ നടത്താനും കളക്ടര്ക്കായെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ സി.കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, മാണി സി. കാപ്പന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അജയന് കെ. മേനോന്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, പ്രസ് ക്ലബ്ബ് സെക്രട്ടറി റോബിന് തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കളക്ടര്‍ പി.കെ. ജയശ്രീ മറുപടി പ്രസംഗം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കളക്ടര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്.