കണമലയിലെ കാട്ടുപോത്ത് ആക്രമണം : നാഥന്മാർ നഷ്ടമായ കുടുംബങ്ങളെ സർക്കാരും കൈവിട്ടു
1335184
Tuesday, September 12, 2023 11:29 PM IST
കണമല: സ്വന്തം ഭർത്താക്കന്മാർ ദാരുണമായി കൊല്ലപ്പെട്ടപ്പോൾ ആലീസും അന്നമ്മയും മനംനൊന്ത് കരഞ്ഞു. പെൺമക്കൾ മാത്രമുള്ള ഇരുവർക്കും വലിയ ആശ്വാസമായിരുന്നു അന്നത്തെ സർക്കാർ പ്രഖ്യാപനം. എന്നാൽ, പിണറായി വിജയൻ സർക്കാരിന്റെ ആ ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, ഇവരെ കാണുമ്പോൾ ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്.
പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും വനം വകുപ്പിൽ സ്ഥിരംജോലിയുമായിരുന്നു വാഗ്ദാനം. ഇരുവരുടെയും ഭർത്താക്കന്മാർ ഒരേദിവസമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനത്തിൽപോയി കാട്ടുപോത്തിനെ ആക്രമിച്ചതല്ല അവർ. സ്വന്തം വീട്ടുമുറ്റത്താണ് ഇരുവരും മരിച്ചു വീണത്. ഒരാൾ സ്വന്തം വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ ആക്രമിക്കപ്പെട്ടു. മറ്റെയാൾ പറമ്പിൽ റബർ മരങ്ങൾ ടാപ്പ് ചെയ്യുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം, ഇവർക്കുപകരം കാട്ടുപോത്താണ് കൊല്ലപ്പെട്ടിരുന്നതെങ്കിൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുവരും പ്രതികളായി ജയിലിൽ കഴിയേണ്ടിവരുമായിരുന്നില്ലേ എന്ന കർഷക സംഘടനകൾ ഉന്നയിക്കുന്ന ചോദ്യം അന്ന് കേരളത്തിൽ അലയടിച്ചു. എന്നിട്ടും നീതി കിട്ടാതെ വിഷമിക്കുകയാണ് രണ്ട് വിധവകൾ. ആകെ നഷ്ടപരിഹാരമെന്ന നിലയിൽ കിട്ടിയത് അഞ്ച് ലക്ഷം രൂപയാണ്. വന്യമൃഗം ആക്രമിച്ച് മനുഷ്യജീവൻ പൊലിഞ്ഞാൽ പത്തു ലക്ഷം രൂപ അനുവദിക്കപ്പെടേണ്ട സാഹചര്യത്തിലാണിത്.
ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ആ ദാരുണ സംഭവം. ഇപ്പോൾ നാല് മാസം കഴിഞ്ഞു. ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ, അവകാശി യാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ തുടങ്ങി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഇവർ നൽകി. വീണ്ടും നൽകിക്കൊണ്ടുമിരിക്കുന്നു. പക്ഷേ, ഒരു നടപടികളുമില്ല. കിലോമീറ്ററുകൾ അകലെയാണ് വനം. അവിടെ നിന്നു പാഞ്ഞെത്തി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചാണ് കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തത്.
കണമല പുറത്തേല്‍ ചാക്കോച്ചന് (65), പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസ് (60) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വയറിലും ശരീരഭാഗങ്ങളിലും കുത്തേറ്റനിലയിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ചാക്കോച്ചൻ മരണപ്പെട്ടു. ആക്രമണത്തിൽ കാലൊടിഞ്ഞു തൂങ്ങി വയറിൽ ഗുരുതര പരിക്കുകളുമായി വീണുകിടന്ന തോമസിനെ ആംബുലൻസെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ ഉടനെ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടറെത്തി ഉറപ്പ് നൽകാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാർ.
മന്ത്രി വി.എൻ. വാസവൻ, ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ തുടങ്ങിയവർ കണമലയിലെത്തിയതോടെയാണ് ഉപരോധ സമരം അവസാനിച്ചത്. ഓടിമറഞ്ഞ കാട്ടുപോത്തിനെ ഇന്നും പിടികൂടിയിട്ടില്ല. അതിനുശേഷം കടുവ, പുലി, കാട്ടാനകൾ ഉൾപ്പെടെ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാമെന്ന ഭീതിയിലാണ് നാട്. പക്ഷെ സ്വന്തം ജീവൻ പോയാലും വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്നാണ് നിയമം. മനുഷ്യനേക്കാൾ വിലയുണ്ട് വന്യമൃഗങ്ങൾക്കെന്ന നിസഹായ അവസ്ഥയുടെ ഉദാഹരണങ്ങളാണ് ചാക്കോച്ചനും തോമസും.