ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന് അദ്ഭുത രക്ഷപ്പെടൽ
1335335
Wednesday, September 13, 2023 3:53 AM IST
കടുത്തുരുത്തി: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് കാഴ്ചക്കാരെ ഞെട്ടിച്ച അപകടം. മുട്ടുചിറ ഇളമ്പാശേരില്‍ ജോസ് (65) ആണ് യാതൊരു പരിക്കുമേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വൈക്കം ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കുകയായിരുന്നു. ഈ സമയത്താണ് ഇതേദിശയില്നിന്നു ലോറി ഇവിടേക്കെത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനായി ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ലോറി കൈകാണിച്ചു നിര്‍ത്തിച്ചു.
ഈ സമയം തന്നെയാണ് ബസിന്റെ സൈഡിലൂടെ സ്കൂട്ടര്‍ യാത്രികനും കടന്നുവരുന്നത്. യാത്രക്കാര്‍ റോഡിന് മറുവശമെത്തിയതോടെ സ്കൂട്ടര്‍ യാത്രികന് ഇടയിലുണ്ടെന്നറിയാതെ ലോറി മുന്നോട്ടെടുക്കുകയായിരുന്നു.
ഇതിനിടെ സ്കൂട്ടര്‍ ലോറിക്കും ബസിനും ഇടയില്‍ കുടുങ്ങി. അപകടം ഹോം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം കൈ കാണിച്ചു ലോറി നിര്‍ത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി ലോറിക്കും ബസിനും ഇടയില്‍നിന്നു സ്കൂട്ടര്‍ നീക്കി.
സ്കൂട്ടര്‍ ഓടിച്ചിരുന്ന ജോസും ഇതിനിടെയില്പ്പെട്ടിരുന്നു. സിമന്റ് ലോഡ് ഇറക്കിയ ശേഷം എറണാകുളത്തിന് മടങ്ങിപ്പോവുകയായിരുന്നു ലോറി. അപകടത്തില്‍ സ്കൂട്ടറിന് കേടുപാടുകൾ ഉണ്ടായി.