കോട്ടയം: വരഗ്, മുളനെല്ല്, പൊരിചീര, കമ്പ്, കറുന്നവര, തിന, കുതിരവാലി അരി എന്നിങ്ങനെ ചെറുധാന്യങ്ങളും അവ ഉപയോഗിച്ചുള്ള 32 മൂല്യവര്‍ധിത ഉത്പന്നങ്ങളും അട്ടപ്പാടിയുടെ വ്യത്യസ്ത രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തി കുടുംബശ്രീ മിഷന്റെ ചെറുധാന്യ ഉത്പന്ന പ്രദര്‍ശന ബോധവത്കരണ യാത്ര “നമത്ത് തീവനഗ’’. തിന, വരഗ് അടക്കം വിവിധ ചെറുധാന്യങ്ങളുടെ അവല്, തിന റവ, മണിച്ചോളം റവ, കമ്പ് റവ, ചെറുധാന്യങ്ങളുടെ പുട്ടുപൊടി, തിന മുറുക്ക്, ചാമ മിക്സ്ചര്‍, ഹെല്‍ത്ത് മിക്സുകള്‍, ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നിങ്ങനെ അട്ടപ്പാടിയില്‍ കുടുംബശ്രീ അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിച്ച ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് നമത്ത് തീവനഗയിലൂടെ വില്പനയ്ക്കെത്തിച്ചത്.
ചെറുധാന്യങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമൊപ്പം നാവില്‍ രുചിയേറും വിഭവങ്ങളും കുടുംബശ്രീ ഒരുക്കി. ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന് നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് “നമത്ത് തീവനഗ’’ ബോധവത്കരണ യാത്ര സംഘടിപ്പിക്കുന്നത്.
അട്ടപ്പാടിയില്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന തനതു ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ ഉത്പന്ന പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു.