സുരക്ഷാസംവിധാനമില്ലാത്ത ദേശീയപാത; അപകടങ്ങൾ തുടർക്കഥ
1338234
Monday, September 25, 2023 10:16 PM IST
മുണ്ടക്കയം: സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതായതോടെ കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയം 34ാം മൈലിനു സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു. ഈ ഭാഗത്ത് നിരപ്പായ റോഡിൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.
കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും കാട് കയറിനിൽക്കുന്നതും ബാരിക്കേഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുകയാണ്.
കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാൻ പറ്റാത്തരീതിയിൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നു നിൽക്കുകയാണ്.
ഇവിടെ യാത്രക്കാർ റോഡിലൂടെ ഇറങ്ങിനടക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുവാൻ ഇടയാക്കും.
ശബരിമല സീസണിൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. എന്നാൽ നടപ്പാതയുടെ അഭാവവും റോഡിന്റെ വീതി കുറവും അപകട സാധ്യത വർധിപ്പിക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടി നെടുംതോടാണ് കടന്നുപോകുന്നത്.
വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ ഈ തോട്ടിലേക്കാണ് പതിക്കുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
കാൽനട യാത്രക്കാരടക്കം നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ, സ്കൂൾ വിദ്യാർഥിയടക്കം നിരവധിപേരുടെ ജീവൻ ഇവിടെ പൊഴിഞ്ഞിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി ദേശീയപാത വിഭാഗം 35ാം മൈൽ മുതൽ 34ാം മൈൽ വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളിൽ ബാരിക്കേഡും അപകട മുന്നറിയിപ്പ് ബോർഡുകളും നടപ്പാതയും ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.