അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോർ...
1338248
Monday, September 25, 2023 10:23 PM IST
കാക്കി കണ്ടാല്‍ കട്ടക്കലിപ്പ്
ഏതു നിമിഷവും പോലീസിനെയും വന്‍കിട റെയ്ഡിനെയും റോബിന് മുന്നില്‍ കണ്ടിരുന്നു. കാക്കി ധരിച്ചെത്തുന്നവരെ ആ നിമിഷം ആക്രമിക്കാന്വിധം പ്രത്യേക പരിശീലനം കൊടുത്ത 13 നായകള്‍. റബര്‍ കൈയുറയ്ക്കു മുകളില്‍ ചണച്ചാക്ക് കനത്തില്‍ കെട്ടി അതില്‍ കാക്കി നിറമുള്ള തുണി ചുറ്റി നായകളെ കടിപ്പിച്ചായിരുന്ന പരിശീലനം. റോബിന് ഇത്തരത്തില്‍ പരിശീലനം നല്കുന്ന വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്.
പ്രതിയോഗി കടന്നുവന്നാല്‍ ആ നിമിഷം ചാടിവീഴാന്‍ പാകത്തിലായിരുന്നു ട്രെയിനിംഗ്. ഒരു കമ്പി വലിച്ചാലുടന്‍ എല്ലാ കൂടുകളും ഒന്നാകെ തുറന്ന് നായകള്‍ക്ക് പുറത്തുചാടാം. ആള്‍പ്പൊക്കത്തില്‍ ചാടി കഴുത്തും കണ്ണും കടിച്ചുമുറിക്കുക, കൂട്ടംകൂടി വളഞ്ഞാക്രമിക്കുക തുടങ്ങിയ പരിശീലനം സിദ്ധിച്ച നായകളെയാണ് വളർത്തിയിരുന്നത്. അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പെഡ്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട നായപ്പടയ്ക്ക് പ്രതിയോഗികളെ വളഞ്ഞാക്രമിച്ചു കടിച്ചുകീറാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.
നാലു വശവും കാണാവുന്ന തരം കമ്പിക്കൂട്ടിലാണ് നായകളെ പാര്‍പ്പിച്ചിരുന്നത്. ചെറിയൊരു കാല്പ്പെരുമാറ്റമുണ്ടായാല്പ്പോലും നായകള്‍ ഉറക്കെ കുരയ്ക്കും. വീട്ടിലെത്തുന്നവര്‍ കഞ്ചാവ് ഇടപാടുകാരനാണോ പോലീസാണോയെന്നു കാമറയിലൂടെ റോബിന് നിരീക്ഷിക്കും. ഞായറാഴ്ച രാത്രി കഞ്ചാവ് വാങ്ങാനെന്ന വ്യാജേന പോലീസ് മഫ്തിയിലെത്തിയതോടെ റോബിന് സംശയംതോന്നി. നായകളെ ഇയാള്‍ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. അര്‍ധരാത്രി പോലീസ് ഡോഗ് സ്ക്വാഡിലെ വിദഗ്ധരെക്കൂട്ടി ഗാന്ധിനഗര്‍ പോലീസ് വളഞ്ഞ ഉടന്‍ റോബിന് ഓടി രക്ഷപ്പെടുകയായിരുന്നു.
പരിശീലനം നേടിയതു മൂവാറ്റുപുഴയില്‍
കോട്ടയം: മൂവാറ്റുപുഴ സുരക്ഷാ കെന്നല്‍ അക്കാഡമിയില്‍ ഒന്നര വര്‍ഷം മുന്‍പ് നായപരിശീലനത്തില് റോബിന് രണ്ടു മാസത്തെ പരിശീലനം നേടിയിരുന്നു. ബിഎസ്എഫില്‍ 21 വര്‍ഷം നായപരിശീലനകനായിരുന്ന കെ.പി. സഞ്ജയന് വിരമിച്ചശേഷം തുടങ്ങിയ സ്ഥാപനമാണിത്. കേരള പോലീസ് അക്കാഡമിയിലും ഹിമാചല്‍ പോലീസിലും ഇദ്ദേഹം ഇപ്പോഴും പരിശീലകനാണ്. നായകളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, ആക്രമണവും അനുസരണവും എങ്ങനെ പഠിപ്പിക്കാം തുടങ്ങി എല്ലാ കാര്യങ്ങളും റോബിന് വശമാക്കിയിരുന്നു. റോബിന് നായപരിശീലനം നേടിയത് കഞ്ചാവ് വില്പനയ്ക്ക് സുരക്ഷ ഒരുക്കാനായിരുന്നുവെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്ന് സഞ്ജയന് ദീപികയോടു പറഞ്ഞു.