കോട്ടയം: എംസി റോഡിനു സമാന്തരമായി തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയത്ത് ഓഫീസ് തുറന്നു.
നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടറുടെ ഓഫീസാണ് കോട്ടയം തിരുവാതുക്കലില്‍ തുറന്നത്. മുന്‍പ് തിരുവനന്തപുരം പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പദ്ധതിയുടെ ടോപ്പോഗ്രഫിക്കല്‍ സര്‍വേ പൂര്‍ത്തിയായെന്നും പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രി ഭാരത് മാലാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.
ഹൈവേയുടെ രൂപരേഖയും മറ്റ് വിവരങ്ങളും ദേശീയപാത സ്ഥലമെടുപ്പ് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ചില മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.
സ്ഥലമെടുപ്പ് ചെലവിന്റെ 75ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ലൊക്കേഷന്‍ സര്‍വേയില്‍ വഹിക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിച്ചേക്കും.
റോഡിനായി ആയിരം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഭോപ്പാലിലെ ഹൈവേ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റാണ് സര്‍വേ നടത്തിയത്.
തിരുവനന്തപുരം പുളിമാത്തില്‍ ആരംഭിച്ച് കല്ലറ, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ വഴി അങ്കമാലി എംസി റോഡിനു സമാന്തരമായിട്ടുള്ള പാതയാണിത്.
ടികെകെഎ റോഡ്
തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി വഴി കടന്നുപോകുന്നതിനാല്‍ ടികെകെഎ റോഡ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് കടന്നുപോകുന്നത്. 45 മീറ്ററാണ് വീതി.
തീര്‍ഥാടന, വിനോദസഞ്ചാര മേഖലകളുടെ വികസനം പരിഗണിച്ച് എംസി റോഡിനു സമാന്തരമായി പുതിയ ദേശീയപാത വികസിപ്പിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദിഷ്ട റോഡ് വിഭാവനം ചെയ്തത്.
തിരുവനന്തപുരത്തിനും അങ്കമാലിക്കും ഇടയില്‍ പ്രാന്തപ്രദേശങ്ങളില്‍ മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കും. നിലവിലുള്ള എംസി റോഡ് നാലുവരിയായി വികസിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.
കെട്ടിടങ്ങള്‍ക്കും ഭൂമിക്കും ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതിനാല്‍ അതൊഴിവാക്കി പുതിയ ആറുവരി ഹൈവേ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിര്‍ദിഷ്ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡും പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുമായി പുതിയ റോഡ് ബന്ധിപ്പിക്കുന്നുണ്ട് . നിര്‍ദിഷ്ട ശബരി വിമാനത്താവളത്തിലേക്കും കൊച്ചിയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. വിഴിഞ്ഞം തുറമുഖത്തെയും മധ്യകേരളത്തെയും ഇത് ബന്ധിക്കും.
സ്ഥലം ഏറ്റെടുക്കുന്ന ജില്ലയിലെ വില്ലേജുകള്‍
(അന്തിമ അലൈന്മെന്റില് മാറ്റമുണ്ടാകാം)
കാഞ്ഞിരപ്പള്ളി: ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത്.
മീനച്ചില്‍: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍, രാമപുരം, കടനാട്.