അവലോകനയോഗം നടത്തി; പരാതികൾ പരിഹരിക്കും
1374253
Wednesday, November 29, 2023 12:39 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അവലോകനയോഗം നടത്തി. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയായതിനൊപ്പം മുൻവർഷം നിർദേശിച്ചിട്ടും നടപ്പാകാതെ പോയവ വിമർശനങ്ങൾക്കിടയാക്കി.
സീബ്രാലൈനുകളില്ല
ദേശീയപാത, പൊൻകുന്നം - എരുമേലി റോഡ് എന്നിവിടങ്ങളിൽ ആവശ്യമായ സീബ്രാലൈനുകളില്ല, ഉള്ളവ മാഞ്ഞുപോയി തുടങ്ങിയ കാര്യങ്ങൾ 2022ൽ പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാവിഭാഗം, കെഎസ്ടിപി എന്നിവയെ അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. സ്ഥലം എംഎൽഎയായ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകാൻ തീരുമാനിച്ചു.
പൈപ്പ് പൊട്ടലും റോഡ് തകർച്ചയും
പൈപ്പ് പൊട്ടൽമൂലം തകർന്ന റോഡുകൾ ലെവൽ ചെയ്തു നൽകിയില്ലെന്നാണ് ജലഅഥോറിറ്റിയോടുള്ള പരാതി. മണക്കാട്ട് അമ്പലം ഭാഗം, മണ്ണംപ്ലാവ് ബാങ്ക്പടി എന്നിവിടങ്ങളിലെ അതോറിറ്റി ജോലികളിലാണ് വിമർശനം. കുഴികൾ വേണ്ടവിധം നികത്തി ടാറിംഗ് നടത്തിയില്ല. മൂന്നുദിവസത്തിനുള്ളിൽ ഇവ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
തെരുവുവിളക്കും ദിശാബോർഡുകളും
തീർഥാടന മുന്നൊരുക്കമായി തെരുവുവിളക്കുകൾ സ്ഥാപിച്ചുവെന്നും ഇടത്താവളങ്ങളായ മണക്കാട്ട് ദേവീക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കു വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ്് വിശദീകരിച്ചു.
പഞ്ചായത്ത് തീർഥാടനപാതകളിൽ ദിശാബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. പൊൻകുന്നത്ത് വളരെയധികം വാഹനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ ആളുകൾ പ്രധാനറോഡുകളിൽ പ്രഭാത സവാരി നടത്തുന്നത് ഒഴിവാക്കണമെന്നു നിർദേശിച്ചു.
ജനറൽ ആശുപത്രി സജ്ജം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അയ്യപ്പഭക്തർക്കു മുൻഗണന നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എക്സ്-റേ മെഷീൻ കഴിഞ്ഞ ദിവസം കത്തിനശിച്ചു. ആവശ്യമായ കിടക്കകൾ, എക്സ്റേ യൂണിറ്റ് എന്നിവ ഉടൻ ലഭ്യമാക്കുന്നതിനു വാഴൂർ ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
രാജേന്ദ്ര മൈതാനം, പൊൻകുന്നം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. താത്ക്കാലിക കടകൾക്കു മണ്ഡലകാലത്ത് ലൈസൻസ് അനുവദിക്കും. ചിറക്കടവ് അമ്പലം കവലയിൽ കാത്തിരിപ്പുകേന്ദ്രത്തിനു മുൻപിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നു നിർദേശിച്ചു. പഞ്ചായത്ത് പരിധിയിൽ വഴിയോരത്തുള്ള മുഴുവൻ കൊടിമരങ്ങളും നീക്കം ചെയ്യും.