ആപ്പാഞ്ചിറയിലേക്കു വരൂ, ട്രെയിനുകൾ ഓടുന്നത് കണ്ടുനില്ക്കാം
1374414
Wednesday, November 29, 2023 7:15 AM IST
കടുത്തുരുത്തി: ആപ്പാഞ്ചിറയിലേക്കു വരൂ, ട്രെയിനുകൾ ഓടുന്നത് കണ്ടുനില്ക്കാം. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ട്രെയിനുകള്‍ക്കു സ്റ്റോപ്പില്ല. ഓഫീസ് സമയത്തടക്കം നിരവധി ട്രെയിനുകള്‍ ഇരട്ടപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴും ആ കാഴ്ച കാണാനേ നാട്ടുകാര്‍ക്ക് യോഗമുള്ളൂ. രാവിലെ 7.30ന്റെ പാലരുവി എക്സ്പ്രസിനുശേഷം 10.30 വരെയുള്ള ഏറ്റവും തിരക്കേറിയ സമയത്ത് ഇവിടെ എറണാകുളം ഭാഗത്തേക്കുള്ള ഒരു ട്രെയിന്‍ പോലും നിർത്തില്ല. 10.30ന്റെ മെമുവാകട്ടെ തിരക്കേറിയ തിങ്കളാഴ്ച സര്‍വീസ് നടത്തുന്നുമില്ല.
വേണാട്, പരശുറാം തുടങ്ങി പകല്‍ മാത്രം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ കോച്ചുകളില്ലാത്ത ട്രെയിനുകളടക്കം നിരവധി ട്രെയിനുകളാണ് ഈ സമയം ഇതുവഴി എറണാകുളം ഭാഗത്തേക്ക് കടന്നുപോകുന്നതെങ്കിലും വൈക്കം റോഡില്‍ സ്റ്റോപ്പില്ല. ഇതുമൂലം എറണാകുളം ഭാഗത്തേക്കുള്ള യാത്രയ്ക്കു തടസമുണ്ടാകുന്നതിനൊപ്പം വൈക്കം, കടുത്തുരുത്തി ഭാഗങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളില്‍നിന്ന് എത്തിച്ചേരുന്നതിനും ബുദ്ധിമുട്ടുന്നു.
ഇവിടെ നിര്‍ത്താതെ പോകുന്ന പത്തിന് എറണാകുളത്ത് എത്തേണ്ട വേണാട് എക്സ്പ്രസ് 30 മിനിറ്റോളമാണ് ദിവസവും എറണാകുളം ഔട്ടറില്‍ നിര്‍ത്തിയിടുന്നത്. മെയിന്‍ ലൈനില്‍ ഐലന്‍ഡ് പ്ലാറ്റ് ഫോമുകളോട് കൂടിയ വൈക്കം റോഡില്‍ ഒരു മിനിട്ട് സ്റ്റോപ്പ് അനുവദിച്ചാലും മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടോ, ട്രെയിന്സമയത്തിനു മാറ്റമോ വേണ്ടി വരില്ല.
തിരുവനന്തുരത്തേക്ക് വൈക്കം, കടുത്തുരുത്തി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു യാത്ര ചെയ്യണമെങ്കില്‍ രാവിലെ കോട്ടയത്തെത്തിയെ ട്രെയിന്‍ യാത്ര ചെയ്യാനാകൂ. രാവിലെ എറണാകുളത്തുനിന്ന് പുറപ്പെട്ട് തൊട്ടടുത്ത സ്റ്റേഷനുകളായ തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ് തുടങ്ങിയ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി തിരുവനന്തപുരം വരെ മാത്രം പോകുന്ന വഞ്ചിനാട് എക്സ്പ്രസിനും വൈക്കം റോഡില്‍ സ്റ്റോപ്പില്ല.
രാവിലെ 8.49നുള്ള മധുര എക്സ്പ്രസ് പോയാല്‍ പിന്നീട് ഉച്ചയ്ക്കുശേഷം 2.25നുള്ള കൊല്ലം മെമുവിനു മാത്രമാണ് കോട്ടയം ഭാഗത്തേക്ക് ഇവിടെ സ്റ്റോപ്പുള്ളത്. അതുപോലെ വൈകുന്നേരം 5.20നുള്ള എറണാകുളം പാസഞ്ചര്‍ കഴിഞ്ഞാല്‍ പിന്നെ രാത്രി 9.45നുള്ള ഗുരുവായൂര്‍ എക്സ്പ്രസ് മാത്രമാണ് വൈക്കത്ത് നിറുത്തുന്ന ട്രെയിന്‍.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ഭാഗങ്ങളിലേക്കുള്ള ഒരു ട്രെയിനുപോലും ഇവിടെ സ്റ്റോപ്പില്ല. വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസ് ട്രെയിനുകള്‍ക്കു വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വൈക്കം റോഡില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കണം: പൗരസമിതി
കടുത്തുരുത്തി: വൈക്കം റോഡില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം ആവശ്യപ്പെട്ടു. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ശബരിമല സ്പെഷല്‍ ട്രെയിന്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കും റിസര്‍വേഷന്‍ കൗണ്ടര്‍ വരുന്നത് ഉപകാരമാകും.
തീര്‍ഥാടകരുടെ ഇടത്താവളങ്ങളായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷം വരികയും പോവുകയും ചെയ്യുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ആവശ്യമാണ്. വൈക്കം റോഡില്‍ സ്റ്റോപ്പുള്ള കേരള എക്സ്പ്രസിലെയും മറ്റ് എക്സ്പ്രസ് ട്രെയിനുകളുടെയും യാത്രക്കാര്‍ക്കും ഇതു ഗുണകരമാകും.
വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കണമെന്ന് പൗരസമിതി ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. മുന്‍വര്‍ഷങ്ങളിലെ പോലെ അഷ്ടമി ഉത്സവം പ്രമാണിച്ച് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും പൗരസമിതിയോഗം ആവശ്യപ്പെട്ടു.
അഷ്ടമി ഉത്സവത്തിന് വിവിധ വിവിധ ദേശങ്ങളില്‍നിന്നും എത്തുന്ന ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമാണ് വൈക്കം റോഡിലെ സ്റ്റോപ്പ്. പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് നടയ്ക്കമ്യാലില്‍, ചന്ദ്രബോസ് ഭാവന, കുഞ്ഞുകുഞ്ഞ് പുള്ളോന്കാലായില്, ജോസഫ് തോപ്പില്‍, ജയിംസ് പാറയ്ക്കല്‍, മേരിക്കുട്ടി ചാക്കോ, രാജീവ് ചെറുവേലില്‍, കെ.എം. ജോര്‍ജ്, ഷാജി കാലായില്‍, എന്‍.ടി. മണിയപ്പന് എന്നിവര്‍ പ്രസംഗിച്ചു.