കാട്ടുപന്നിയെ വെടിവയ്ക്കാം; കാലാവധി നീട്ടി
1396006
Tuesday, February 27, 2024 11:35 PM IST
കോട്ടയം: നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മേയ് 27ന് പഴയ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ജില്ലയില്‍ 13 പഞ്ചായത്തുകളില്‍ കാട്ടുപന്നിയുടെ രൂക്ഷമായ ശല്യമുണ്ട്. എരുമേലി, കോരുത്തോട്, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിലാണ് ഏറ്റവും ശല്യം.
പീരുമേട്, പെരുവന്താനം വനമേഖലയില്‍നിന്നുള്ള പന്നിക്കൂട്ടം മുണ്ടക്കയം പ്രദേശത്തും നാശമുണ്ടാക്കാറുണ്ട്. എരുമേലിയില്‍ ആറു വാര്‍ഡുകളിലും മണിമലയില്‍ നാലു വാര്‍ഡുകളിലും കോരുത്തോട്ടില്‍ എട്ട് വാര്‍ഡുകളിലും കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുണ്ട്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. വനാതിര്‍ത്തിയില്‍ ഏറ്റവും കൃഷിനാശമുണ്ടാക്കുന്ന ജീവിയായ കാട്ടുപന്നിയുടെ എണ്ണം ഓരോ വര്‍ഷവും പെരുകയാണ്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പത്ത് മരണവും 300 പേര്‍ക്ക് പരിക്കുമുണ്ടായിട്ടുണ്ട്. നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റിന് നാട്ടില്‍ ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ഉത്തരവിടാന്‍ അനുമതിയുണ്ട്. തോക്ക് ലൈസന്‍സുള്ളവര്‍ക്ക് വെടിവയ്ക്കാം. വനപാലകരുടെ സാന്നിധ്യത്തില്‍ ഇവയെ മറവു ചെയ്യണമെന്നാണ് നിര്‍ദേശം.