കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പിടിയില്‍
1396660
Friday, March 1, 2024 6:48 AM IST
കോട്ടയം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ കെ.ആര്. ജയപ്രകാശി (49)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ജനുവരി 26ന് പുലര്‍ച്ചെ മണവാളത്ത് ഗണപതി ക്ഷേത്രത്തിലും അയ്യപ്പന്‍കാവ് ക്ഷേത്രത്തിലുമായി നാലോളം കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
രാത്രി ആളൊഴിഞ്ഞ വീടുകളില്‍ താമസിച്ച് പള്ളികളും ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇയാള്‍ തിരുവല്ല, റാന്നി, പുളിക്കീഴ്, മാവേലിക്കര, എടത്വാ, കീഴ്വായ്പൂര് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
ഇതുകൂടാതെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷന് പരിധികളിലും സമീപദിവസങ്ങളിലായി താന്‍ മോഷണം നടത്തിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.