തൊട്ടുമുന്പില് കടുവ; ഞെട്ടൽ മാറാതെ സുബൈദ
1396717
Friday, March 1, 2024 11:41 PM IST
മുണ്ടക്കയം: മുണ്ടക്കയത്തെ ടിആര്‍ ആന്‍ഡ് ടി റബര്‍ എസ്റ്റേറ്റിലെ ചെന്നാപ്പാറയില്‍ കൈയകലത്തില്‍ കടുവയെ കണ്ട വനിതാ ടാപ്പിംഗ് തൊഴിലാളി ഭയന്നോടി. മണ്ണെങ്കല് സുബൈദ (48)യാണു കടുവയുടെ തൊട്ടരികില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ കാലിനു പരിക്കേറ്റ സുബൈദ എസ്റ്റേറ്റ് ആശുപത്രിയിലും തുടര്‍ന്ന് മുണ്ടക്കയം ഗവ. ആശുപത്രിയിലും ചികിത്സ തേടി. സുബൈദയും ഭര്‍ത്താവ് കുഞ്ഞുമോനും ചെന്നാപ്പാറ ഡിവിഷനിലെ ടാപ്പിംഗ് തൊഴിലാളികളാണ്. രണ്ടാഴ്ചത്തെ വേനല്‍ അവധിക്കുശേഷം ടാപ്പിംഗ് പുനരാംഭിക്കുന്നതിന് ഇന്നലെ തൊഴിലാളികള്‍ റബര്പട്ട തെളിയിക്കാനിറങ്ങി. അടിക്കാട് വളര്‍ന്നതിനാല്‍ തോട്ടത്തിന്റെ ഏറെ പ്രദേശങ്ങളും കുട്ടിവനത്തിന്റെ പ്രതീതിയിലാണ്.
പുരുഷന്മാരും സ്ത്രീകളുമായി ആറു തൊഴിലാളികള്‍ വിളിപ്പാടകലെ ടാപ്പിംഗ് നടത്തുമ്പോഴാണ് രാവിലെ പത്തോടെ ഒരു റബര്‍ മരത്തോടു ചേര്‍ന്ന് പടര്‍ന്നു വളര്‍ന്ന പുല്ലിനു മുകളില്‍ കടുവ കിടക്കുന്നത് സുബൈദ കണ്ടത്. അസാമാന്യ വലിപ്പമുള്ള കടുവയെ ഒന്നര അടി അകലത്തില്‍ കണ്ട സുബൈദ ഭയന്നുനിലവിളിച്ചു. സമീപങ്ങളിലുണ്ടായിരുന്ന തൊഴിലാളികളും ഓടിയെത്തി.
രണ്ടു മാസം മുന്‍പ് ചെന്നാപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ കടുവയെ കാണുകയും തുടര്‍ന്ന് വനംവകുപ്പ് കെണി സ്ഥാപിക്കുകയും ചെയ്തിരുന്നു. സമീപകാലങ്ങളില്‍ നിരവധി പശുക്കളെയും ആടുകളെയും നായ്ക്കളെയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കടുവയുടെ സാന്നിധ്യം സംശയിച്ചത്. പിന്നീട് വനം വകുപ്പ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രാത്രി കാലങ്ങളില്‍ കടുവയുടെ മുരള്‍ച്ച ലയങ്ങളില്‍ പാര്‍ക്കുന്ന തൊഴിലാളികള്‍ വ്യക്തമായി കേള്‍ക്കാറുണ്ട്. കൂടാതെ ആനകള്‍ ഒറ്റയ്ക്കും കൂട്ടമായും എസ്റ്റേറ്റില്‍ സ്ഥിരമായുണ്ട്. ആന റോഡില്‍ ഇറങ്ങിയാല്‍ എസ്റ്റേറ്റിനുള്ളിലെ സ്കൂളിന് അവധി പ്രഖ്യാപിക്കുന്നതും പതിവാണ്.
കടുവ ഇരതേടി ദിവസം 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് വനപാലകരുടെ നിരീക്ഷണം. എസ്റ്റേറ്റില്‍നിന്ന് കടുവകള്‍ മതമ്പ, മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, തെക്കേമല പ്രദേശങ്ങളില്‍ എത്താനുള്ള സാധ്യത ദേശവാസികളെ ഭയപ്പെടുത്തുന്നു. അടുത്തയിടെ കോരുത്തോട്ടില്‍ പുലിയിറങ്ങി ആടിനെ കൊന്നു തിന്നതിന്റെ ഭീതി ഇപ്പോഴും മാറിയിട്ടില്ല.
കെകെ റോഡില്‍ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയില്‍ അടുത്തയിടെ രാത്രികാലങ്ങളില്‍ കടുവയും പുലിയും കരടിയും റോഡ് കുറുകെ കടക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ വിവിധ ലയങ്ങളിലായി എഴുന്നൂറിലേറെ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് മുണ്ടക്കയത്തിനും ടാപ്പിംഗിനും വെള്ളം ശേഖരിക്കാനും പുല്ലുശേഖരിക്കാനും പോകേണ്ട തൊഴിലാളികള്‍ മാസങ്ങളായി ഭയപ്പാടിലാണ്. മക്കളെ സ്കൂളിലും കോളജിലും അയക്കാനും ഇവര്‍ ഭയപ്പെടുന്നു.
വനംവകുപ്പിന്റെ ചതി
മുണ്ടക്കയം: ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഇന്നലെ പട്ടാപ്പകല്‍ കടുവയെ കണ്ട ചെന്നാപ്പാറയിലാണ് മൂന്നു മാസം മുന്‍പ് വനംവകുപ്പ് 150 കാട്ടുപന്നികളെ ഇറക്കിവിട്ടത്. പമ്പയില്‍ അലഞ്ഞുതിരിയുന്ന കാട്ടുപന്നികളെ വനംവകുപ്പ് ജീവനക്കാര്‍ പാചവാതക സിലിണ്ടര്‍ വിതരണം ചെയ്യുന്ന ലോറിയില്‍ കയറ്റി അര്‍ധരാത്രി ചെന്നാപ്പാറയില്‍ ഇറക്കിവിടുകയായിരുന്നു. മുന്‍പുതന്നെ കാട്ടുപന്നികളെകൊണ്ടു പൊറുതിമുട്ടിയ തൊഴിലാളികള്‍ക്ക് ഇരട്ടപ്രഹരമായി വനംവകുപ്പിന്റെ കൊടുംചതി. വനം വകുപ്പ് തുറന്നുവിട്ട കാട്ടുപന്നികള്‍ തൊഴിലാളികളുടെ കൃഷി നശിപ്പിക്കുക മാത്രമല്ല വീടിനുള്ളിലും മുറ്റത്തും വരെ കയറിയിറങ്ങുന്നു.