പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജില്ലാതല ഉദ്ഘാടനം നാളെ
1396720
Friday, March 1, 2024 11:42 PM IST
കോട്ടയം: പള്‍സ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒന്പതിനു മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, വാര്‍ഡംഗം സിന്‍സി പാറേല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.ജി. സുരേഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എബി മാത്യു, എംസിഎച്ച് ഓഫീസര്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ അഞ്ചുവയസിനു താഴെയുള്ള 96,698 കുട്ടികള്‍ക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്നു നല്‍കുക. ഇതിനായി 1,292 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നല്കാന് പരിശീലനം സിദ്ധിച്ച 2,584 സന്നദ്ധപ്രവര്‍ത്തകരേയും നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിൽ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 41 ട്രാന്‍സിറ്റ് ബൂത്തുകള്‍, 12 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.