ജല്‍ജീവന്‍ ചതിച്ചു; പൂവന്തുരുത്ത് പ്ലാമ്മൂട് നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനി
1396888
Saturday, March 2, 2024 6:42 AM IST
ചിങ്ങവനം: ജല്‍ ജീവന് മിഷന് പദ്ധതി ചതിച്ചു. പൂവന്തുരുത്ത് പ്ലാമ്മൂട് നിവാസികള്‍ക്കു കുടിവെള്ളം കിട്ടാക്കനിയായി. പനച്ചിക്കാട് പഞ്ചായത്ത് 21-ാം വാര്‍ഡിലെ ശവക്കോട്ട ഭാഗത്തെ 20 കുടുംബങ്ങള്‍ക്ക് മാസങ്ങളായി കുടിവെള്ളം കിട്ടാതായിട്ട്. ഇതില്‍ കിണറുകള്‍ ഇല്ലാത്ത വീടുകളുമുണ്ട്. വേനല്‍ കടുത്തതോടെ എല്ലായിടത്തും കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ഇതോടെ കടുത്ത ജലക്ഷാമം നേരിടുന്ന അവസ്ഥയില്‍ അന്യായ വിലയ്ക്ക് കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് കുടുംബങ്ങള്‍.
ഏഴു മാസങ്ങള്‍ക്കു മുന്‍പ് പദ്ധതിയുടെ ഭാഗമായി പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു കണക്ഷനും കൊടുത്തു. എന്നാൽ ഒരു തുള്ളി വെള്ളം പോലും നാട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല. കിട്ടാത്ത വെള്ളത്തിന് അന്യായ ബില്ലും ലഭിച്ചെന്ന് ഇവര്‍ പരാതിപ്പെടുന്നു.
പനച്ചിക്കാട് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പലയിടങ്ങളിലും ഒരു തുള്ളി വെള്ളം പോലും വീടുകളിലെത്തിയിട്ടില്ല. ഒരു വാര്‍ഡില്‍ പോലും പദ്ധതി പൂര്‍ത്തീകരിച്ചിട്ടുമില്ല. വെട്ടിപ്പൊളിച്ചിട്ട റോഡുകള്‍ കൂനിന്മേല് കുരുവെന്ന നിലയില്‍ നാട്ടുകാര്‍ക്ക് പാരയാകുകയുമാണിപ്പോള്.
നിലവില്‍ പണം മുടക്കി വാട്ടര്‍ അഥോറിറ്റി കണക്ഷന് എടുത്തിരുന്ന കുടുംബങ്ങള്‍ക്കും പുതിയ പദ്ധതി വന്നതോടെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ്. ആഴ്ചയിലൊരിക്കല്‍ ആവശ്യത്തിന് കുടിവെള്ളം കിട്ടിയിരുന്ന കുടുംബങ്ങള്‍ ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ്.
പരാതി പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാം എന്ന മറുപടിയില്‍ കാര്യങ്ങള്‍ ഒതുക്കി തടിതപ്പുകയാണ് അധികൃതര്‍ എന്നാണ് നാട്ടുകാരുടെ പരാതി.