കല്ലറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
1396897
Saturday, March 2, 2024 7:05 AM IST
കല്ലറ: വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറി നല്കിയ രേഖയിലെ വിവരങ്ങള്‍ തെറ്റാണെന്നാരോപിച്ചു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കല്ലറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
2018-ല്‍ തുടങ്ങിയ സിവില്‍ കേസുമായി ബന്ധപ്പെട്ടു സാബു ജോസഫ് നരിക്കുഴി നല്കിയ വിവരാവകാശ അപേക്ഷയില്‍ നാലാം വാര്‍ഡിലെ വലിയകടവ്-കളമ്പുകാട് തോട് പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അതിന്റെ നീളം, വീതി, ആസ്തിയില്‍ ചേര്‍ത്ത വര്‍ഷം തുടങ്ങിയവയും ചോദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നീളം, വീതി, ചേര്‍ത്ത തീയതി എന്നിവയുടെ വിശദാംശങ്ങള്‍ ഇല്ലെന്നാണ് അപേക്ഷയില്‍ ലഭിച്ചിരിക്കുന്ന വിവരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇതു തെറ്റാണെന്നാരോപിച്ചു നടത്തിയ സമരം പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ കെ.എം. അനൂപ്, ടി.സി. ബാലന്, പ്രണീത് കുമാര്‍, സുഗുണന് വെളുത്തേടത്ത്, ദിനേശന്, സാബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.