മാവേലി"ക്കര' കടക്കാൻ : നാലാം വിജയത്തിന് കൊടിക്കുന്നില്‍; പ്രചാരണവുമായി പ്രവര്‍ത്തകര്‍
1396904
Saturday, March 2, 2024 7:05 AM IST
ചങ്ങനാശേരി: മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കേ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ചുവരെഴുതിയും ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.
കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ബ്ലോക്ക് മണ്ഡലം നേതാക്കളുടെ വിപുലമായ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നു തവണയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കൊടിക്കുന്നില്‍ നാലാം വിജയം തേടിയാണ് ഇത്തവണ ഇറങ്ങുന്നത്.
കേന്ദ്രപദ്ധതികള്‍ കൃത്യമായി മണ്ഡലത്തില്‍ നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊടിക്കുന്നില്‍. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് നവീകരണം, വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കല്‍, കുറിച്ചി ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയത്, വാഴപ്പള്ളി പോസ്റ്റ് ഓഫീസ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്, എംപി ഫണ്ട് വിനിയോഗിച്ച് വിവിധ റോഡുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതും സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതും ജനറല്‍ ആശുപത്രിയില്‍ കോവിഡ് കാലത്ത് വിവിധ ഉപകരണങ്ങള്‍ നല്കിയതും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും.
കോവിഡ്, പ്രളയകാലത്ത് എംപി എന്നനിലയില്‍ നടത്തി വിവിധ ഇടപ്പെടലുകളും യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കെ-റെയില്‍ വിഷയങ്ങളിലും നെല്‍കര്‍ഷകരുടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയും കൊടിക്കുന്നില്‍ സുരേഷ് നടത്തിയ സമരങ്ങളും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കും.