വന്യജീവിശല്യം: അടിയന്തര നടപടിക്ക് ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്കി താലൂക്ക് വികസനസമിതി
1396926
Sunday, March 3, 2024 1:41 AM IST
പാലാ: വന്യജീവി ശല്യം രൂക്ഷമായ കടനാട്, കരൂര്‍, തീക്കോയി പഞ്ചായത്തുകളില്‍ അടിയന്തര പരിഹാരം കാണുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി എരുമേലി ഡിഎഫ്ഒയ്ക്ക് താലൂക്ക് വികസനസമിതി നിര്‍ദ്ദേശം നല്കി. ഈ പഞ്ചായത്തുകളില്‍ കുറുക്കന്, നരി, മുള്ളന്‍പന്നി, കാട്ടുപന്നി എന്നിവയുടെ ശല്യം വര്‍ധിച്ചുവരുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് താലൂക്ക് വികസന സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നത്.
പാലാ ഹോസ്പിറ്റല്‍ ജംഗ്ഷന് മുതല്‍ ബൈപാസ് റോഡ് വരെയുള്ള ലിങ്ക് റോഡ് നിര്‍മാണം ഉടന്‍ തുടങ്ങുന്നതിന് ആവശ്യമായ അംഗീകാരം സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിന് വേണ്ട നടപടിയെടുക്കണമെന്ന് താലൂക്ക് സഭയില്‍ തീരുമാനമായി. പാലാ ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ലഭ്യമായ ഫണ്ട് മുഴുവനായും വിനിയോഗിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ യോഗത്തില്‍ ഉറപ്പുനല്‍കി. വേനല്‍ രൂക്ഷമായതിനാല്‍ കുടിവെള്ളവിതരണം നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. മഞ്ജിത്ത്, താലൂക്ക് സമിതിയംഗം- പീറ്റര്‍ പന്തലാനി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.