വെള്ളമില്ലാതെ ബുദ്ധിമുട്ടുമ്പോൾ മാസങ്ങളായി റോഡിലൂടെ വെള്ളം പാഴാകുന്നു
1396993
Sunday, March 3, 2024 4:51 AM IST
കണമല: പൊട്ടിയ പൈപ്പ് നന്നാക്കാൻ ജല അഥോറിറ്റിക്ക് സമയം ഇല്ലേ എന്ന് ചോദിക്കുന്നു കണമല കാളകെട്ടിയിലെ നാട്ടുകാർ. റോഡരികിൽ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായി ഒഴുകുകയാണ്. ഈ വെള്ളം കിട്ടിയാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനമാകും.
ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ ഉണ്ടെങ്കിലും കാളകെട്ടിയിലെ ഉയർന്ന പ്രദേശങ്ങളിൽ പമ്പിംഗ് ശക്തി കുറവായതിനാൽ വല്ലപ്പോഴുമാണ് വെള്ളം എത്തുന്നത്. അതേസമയം, കാളകെട്ടി ഭാഗത്ത് റോഡിൽ ദിവസങ്ങളായി പൈപ്പ് പൊട്ടൽ മൂലം വൻ തോതിൽ വെള്ളം പാഴായി ഒഴുകുകയാണ്. പല തവണ വാർഡംഗം ഉൾപ്പടെ പൊതുപ്രവർത്തകർ ഇക്കാര്യം ജല അഥോറിറ്റി ഉദ്യോഗസ്ഥർക്ക് ഫോൺ മുഖേനെ അറിയിച്ചതാണെന്ന് പറയുന്നു. ഉടനെ ശരിയാക്കാം, പരിഹരിക്കാം എന്നുള്ള മറുപടി അല്ലാതെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
അഴുത നദിയിൽനിന്നും മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് ടാങ്കിൽ എത്തിച്ച ശേഷം വീണ്ടും പമ്പ് ചെയ്ത് പൈപ്പ് വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ, പൈപ്പ് പൊട്ടിയ ഭാഗത്ത് കൂടി ഈ വെള്ളത്തിന്റെ കൂടുതൽ ഭാഗവും ചോർന്നു പോകുന്നു. മൂക്കൻപെട്ടി, അരുവിക്കൽ കോളനി, പത്ത് ഏക്കർ ഭാഗം എന്നിവിടങ്ങളിൽ ഉയരമുള്ള പ്രദേശങ്ങളായതിനാൽ വെള്ളം എത്തുന്നില്ല. അഴുത നദിയിൽ വെള്ളം കുറയാതിരിക്കാൻ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് തടയണ ബലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജല അഥോറിറ്റിയുടെ അനാസ്ഥ മൂലം വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണു നാട്ടുകാർ.