ഭീതി മാറാതെ മുണ്ടക്കയം; എസ്റ്റേറ്റില്‍ കടുവയുണ്ടെന്ന് സ്ഥിരീകരണം
1397018
Sunday, March 3, 2024 5:02 AM IST
മുണ്ടക്കയം: ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഇന്നലെ വനപാലകരും തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്താനായില്ല. എന്നാല്‍ കാടുകയറിക്കിടക്കുന്ന റബര്‍ എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യം മാസങ്ങളായുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇനി കടുവയുടെ സാന്നിധ്യമുണ്ടായാല്‍ കെണി ഒരുക്കുന്നതുള്‍പ്പെടെ സംവിധാനങ്ങള്‍ എസ്റ്റേറ്റില്‍ ഏര്‍പ്പെടുത്തും.
പന്ത്രണ്ടു കിലോമീറ്റര്‍ വിസ്തൃതമായ എസ്റ്റേറ്റില്‍ നാല് കടുവകളുടെ സാന്നിധ്യമുള്ളതായാണ് തൊഴിലാളികള്‍ പറയുന്നത്. രാത്രി ഒന്നിലേറെ കടുവകളുടെ മുരള്‍ച്ച വിവിധ ലയങ്ങളില്‍ കഴിയുന്നവര്‍ കേള്‍ക്കാറുണ്ട്.
സമീപവര്‍ഷങ്ങളില്‍ മേയാൻവിട്ട 30 ആടുകളെയും 20 പശുക്കളെയും കൂടാതെ അന്‍പതിലേറെ നായകളെയും പലപ്പോഴായി കാണാതെ വന്നിട്ടുണ്ട്. കടുവയ്ക്ക് പുറമേ പുള്ളിപ്പുലിയും കരടിയും കാട്ടുപോത്തും തോട്ടത്തില്‍ എത്തുന്നതായി സംശയിക്കുന്നു. മുപ്പതോളം കാട്ടാനകള്‍ സമീപവനങ്ങളില്നിന്ന് ടിആര്‍ടി റബര്‍ എസ്റ്റേറ്റിലേക്ക് വരുന്നുണ്ട്.
ഇത്രയേറെ ഭയാനകമായ സാഹചര്യത്തില്‍ തോട്ടത്തിലെ അടിക്കാട് തെളിക്കാതെ ഇനി ടാപ്പിംഗ് ജോലിക്ക് പോകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. യൂണിയനുകളുടെ ഇടപെടലില്‍ കാടുവെട്ടിത്തെളിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഓരോ തൊഴിലാളിക്കും 400 വീതം റബറുകളുള്ള നാല് ബ്ലോക്കുകളാണ് ടാപ്പിംഗിന് അനുവദിക്കുക. ഓരോ വര്‍ഷവും കുറിയിട്ടാണ് ഓരോരുത്തര്‍ക്കും ബ്ലോക്കുകള്‍ നിശ്ചയിക്കുക. ആഴ്ചയില്‍ ആറു ദിവസവും ഈ ബ്ലോക്കുകള്‍ മാറിമാറി ടാപ്പ് ചെയ്ത് ലാറ്റക്സ് സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കണം.
വര്‍ഷങ്ങളായി ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന ബ്ലോക്കുകളും ഇത്തവണ കുറിയിട്ടതില് വന്നിട്ടുണ്ട്. വനാതിര്‍ത്തിയിലുള്ള ഈ ബ്ലോക്കുകള്‍ വനംപോലെ കാടു കയറി വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ഇടമാണ്. പലപ്പോഴും അടുത്ത ബ്ലോക്കുമായി ഒരു കിലോമീറ്റര്‍ വരെ അകലമുണ്ടാകും. അപകടസാഹചര്യത്തില്‍ നിലവിളിച്ചാല്‍പോലും മറ്റൊരാളും കേള്‍ക്കാനിടയില്ല.
വെള്ളിയാഴ്ച തോട്ടത്തിലുടെ മറ്റൊരു ടാപ്പിംഗ് തൊഴിലാളി സ്ത്രീയുമായ ഫോണില്‍ സംസാരിച്ചുവരുമ്പോഴാണ് മണ്ണെങ്കല് സുബൈദ കടുവയുടെ മുന്നില്‍പ്പെട്ടത്.
സുബൈദയുടെ നിലവിളി ഫോണില്‍ കെട്ടാണ് സുഹൃത്ത് സമീപ ബ്ലോക്കുകളിലെ തൊഴിലാളികളെ വിവരം അറിയിച്ചത്. കടുവാഭീതിയില്‍ ഇന്നലെ ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്കു പോയില്ല. തോട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ച് തുടര്‍നിരീക്ഷണം വേണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.