യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
1397105
Sunday, March 3, 2024 6:54 AM IST
വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ടിവിപുരം കിഴക്കേ കണിയാംതറയിൽ കെ.എസ്. ഷാരോണിനെ (22)യാണ് വൈക്കം പോലീസ് പിടികൂടിയത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം 14ന് പുലർച്ചെ 1.30നോടു കൂടി ചെമ്മനത്തുകര കൽപകശേരി ഭാഗത്തുവച്ച് ടിവിപുരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇവർ സംഘം ചേർന്ന് യുവാവിന്റെ സുഹൃത്തിനെ മർദിക്കുകയും ഇതുകണ്ട യുവാവ് തടയുകയുമായിരുന്നു. തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ മർദിക്കുകയും വടികൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു.
ഇവർക്ക് യുവാവിനോടും യുവാവിന്റെ സുഹൃത്തിനോടും മുൻവൈര്യാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം. വൈക്കം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ വിനീഷ് എന്നയാളെ പിടികൂടിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒളിവിലായിരുന്ന ഷാരോണും പിടിയിലാകുന്നത്. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ ദ്വിജേഷ്, എസ്ഐമാരായ എം. പ്രദീപ്, വിജയപ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വൈക്കം സ്റ്റേഷനില്‍ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.