പ്രതാപം നഷ്ടമായി പന്നഗം തോട്
1416000
Friday, April 12, 2024 6:43 AM IST
മറ്റക്കര: നോവലുകളിലും കഥകളിലും ഇടംപിടിച്ചതാണ് പന്നകം തോട്. പന്നഗം തോടിന്റെ തീരങ്ങളിൽ കളിമണ്‍ പാത്രങ്ങളും ഓടും ഇഷ്ടികയും നിര്‍മിച്ചിരുന്നു. ഇരുവശങ്ങളിലും കരിമ്പുപാടങ്ങളുമുണ്ടായിരുന്നു. നാടന്മാവുകളും തെങ്ങും പ്ലാവും വളര്‍ന്നിരുന്നു.
കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം പ്രദേശങ്ങളെ ഫലഭൂയിഷ്ഠവും ഹരിതാഭവുമാക്കിയിരുന്ന പന്നഗം തോട് അശാസ്ത്രീയമായ തടയണ നിര്‍മാണത്തെ തുടര്‍ന്നു വറ്റി വരണ്ടിരിക്കുന്നു. കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ തോട് മുന്‍പൊക്കെ വേനലിലും ജലസമൃദ്ധമായിരുന്നു.
കുടിക്കാനും കുടിക്കാനും വേണ്ടുവോളം വെള്ളം നല്കിയ തോട് വിസ്മൃതിയിലാകുകയാണ്. തോടരികിലെ കുളങ്ങളും കിണറുകളും വറ്റിക്കഴിഞ്ഞു. അടിസ്ഥാന ആവശ്യങ്ങള്‍ക്കും കൃഷിയാവശ്യത്തിനും പോലുമുള്ള ജലം ലഭിക്കുന്നില്ലെന്നതാണ് പ്രദേശവാസികളുടെ ദുഃഖം.
താഴ്ന്ന പ്രദേശങ്ങളില്‍ ജലം ലഭ്യമാകുന്ന വിധത്തിലേ തോടുകളില്‍ തടയണകള്‍ നിര്മിക്കാവൂവെന്നാണ് നിയമം. ഈ നിയമം കാറ്റിൽപ്പറത്തി തടയണ നിര്മിച്ചതിനാല് നീരൊഴുക്ക് മുറിഞ്ഞു. ഇതുമൂലം പന്നഗംതോടിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി. അശാസ്ത്രീയ തടയണകളിൽ മണ്ണും ചെളിയും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായി. അടിക്കടി ഉണ്ടാകുന്ന മിന്നല്‍പ്രളയങ്ങള്‍ ഏറ്റവും വലയ്ക്കുന്നത് മറ്റക്കരയെയാണ്.
പുളിക്കല്‍കവല, ഏഴാംമൈല്‍, പള്ളിക്കത്തോട് ഭാഗങ്ങളെയൊക്കെ പ്രളയം ബാധിക്കും. 2015 മുതല്‍ എല്ലാ വര്‍ഷവും പല തവണയാണ് മറ്റക്കരക്കാര്‍ വലഞ്ഞത്. 2021ൽ മാത്രം പത്തിലേറെ തവണ മറ്റക്കരയില്‍ പന്നഗം തോട് കരകവിഞ്ഞു. പല സ്ഥലത്തും തോടു കൈയേറ്റം മൂലം വീതി കുറഞ്ഞിരിക്കുന്നതായും ആക്ഷേപമുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ മുന്‍കൈയെടുത്ത് തോട്ടില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്തത് വീതിയും ആഴവും കൂട്ടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
രണ്ടുവര്‍ഷം മുന്‍പ് ഇറിഗേഷന്‍ അധികൃതര്‍ മറ്റക്കരയിലെ പന്നഗം തോട് സന്ദര്‍ശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തോട്ടിലെ മണ്ണ് വാരി മാറ്റുമെന്നും വെള്ളപ്പൊക്കത്തിനു പ്രധാന കാരണമാകുന്ന പടിഞ്ഞാറെ പാലം തടയണയുടെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഉറപ്പ് നല്‍കിയതുമാണ്. പക്ഷേ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടന്നില്ല. പടിഞ്ഞാറെ പാലം, ചുവന്ന പ്ലാവ് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളംകയറി ഗതാഗതം തടസപ്പെടുന്നത് സ്ഥിരംകാഴ്ചയാണ്.
തച്ചിലങ്ങാട്, ചുവന്ന പ്ലാവ്, നെല്ലിക്കുന്ന്, വാഴപ്പള്ളിപാലം, പടിഞ്ഞാറെ പാലം തുടങ്ങി ഭാഗങ്ങളെയാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കുന്നത്. പടിഞ്ഞാറേ പാലം കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പാലം ഉയര്‍ത്തണം എന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്.