ഡിവൈഡറുകൾ എടുത്തുമാറ്റി, കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും അപകടങ്ങൾ
1416044
Friday, April 12, 2024 10:49 PM IST
കാഞ്ഞിരപ്പള്ളി: ഡിവൈഡറുകൾ എടുത്തുമാറ്റിയതോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും അപകടങ്ങൾ. ഇന്നലെ മാത്രം രണ്ട് അപകടങ്ങളാണ് കുരിശുങ്കൽ ജംഗ്ഷനിലുണ്ടായത്.
ദേശീയപാതയിലേക്കു പ്രവേശിച്ച കാറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചും ഇതിനു തൊട്ടുപിന്നാലെ എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്കു പോവുകയായിരുന്ന കാറിനു പിന്നിൽ മിനി പിക്കപ്പ് വാൻ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ഡിവൈഡറുകൾ എടുത്തുമാറ്റിയതാണ് രണ്ട് അപകടങ്ങൾക്കും കാരണമായതെന്നു നാട്ടുകാർ ആരോപിച്ചു.
കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം തുടങ്ങി പടിഞ്ഞാറു ഭാഗത്തുനിന്നു ദേശീയപാത വഴി ഇറക്കം ഇറങ്ങി എത്തുന്ന വാഹനങ്ങൾ കുരിശുങ്കൽ ജംഗ്ഷനിലാണ് ടൗണിലേക്കു പ്രവേശിക്കുന്നത്. മണിമല റോഡിൽനിന്നു ദേശീയപാതയിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതും ഇവിടെയാണ്. ഈ ഭാഗത്തെ കൊടുംവളവിലെ ഡിവൈഡറുകളാണ് എടുത്തുമാറ്റിയത്. ഒട്ടുമിക്ക വാഹനങ്ങളും ഇറക്കത്തിലൂടെ വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്.
തമ്പലക്കാട് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ കൂടി ദേശീയപാതയിലേക്കു പ്രവേശിക്കുന്നതോടെ ഇവിടെ എപ്പോഴും തിരക്കുമായിരിക്കും. വളവിൽ തന്നെ മറ്റൊരു പഞ്ചായത്ത് റോഡും വന്നുചേരുന്നുണ്ട്. ഡിവൈഡറുകൾ എടുത്തുമാറ്റിയതോടെ വളവിൽ വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
ഡിവൈഡറില്ലാത്തതിനാൽ മണിമല റോഡ് വഴി എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കു ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥിതിയാണ്. ഇവിടെ ഇരുമ്പുപൈപ്പുകൾ കൊണ്ട് നിർമിച്ച എടുത്തുമാറ്റാവുന്ന തരത്തിലുള്ള താത്കാലിക ഡിവൈഡറുകളാണ് മുന്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ വാഹനങ്ങൾ തട്ടിയും നേരത്തെ അപകടങ്ങളുണ്ടായിട്ടുണ്ട്.
താത്കാലിക ഡിവൈഡറുകൾക്കു പകരം ആധുനിക സുരക്ഷാ ക്രമീകരണങ്ങളുള്ള അപകടരഹിത ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.