വേനൽമഴ; കണ്ണീരായി വാഴകൃഷി
1416211
Saturday, April 13, 2024 6:41 AM IST
കോട്ടയം: അപ്രതീക്ഷിത വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശം. ആർപ്പൂക്കര ചെറുപുഷ്പം പള്ളിക്കുസമീപം കിഴക്കേചാത്തമാലി സി.എം. ജോസഫിന്റെ ഒന്നേകാൽ എക്കർ വാഴകൃഷിയാണു കഴിഞ്ഞദിവസം പെയ്ത വേനൽമഴയിലും കാറ്റിലും നശിച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണു നിലംപൊത്തിയത്. ഏകദേശം 170 വാഴകൾ നശിച്ചതായാണു പ്രാഥമിക നിഗമനം.
കൃഷി വായ്പയെടുത്തു പാട്ടത്തിനാണു കൃഷിയിറക്കിയത്. പ്രളയത്തെയും പ്രതികൂല കാലാവസ്ഥയും തരണം ചെയ്തിറക്കിയ വാഴകൃഷി രണ്ടുമാസത്തിനുള്ളിൽ വിളവെടുക്കാനിരിക്കെയാണു വേനൽ മഴ ചതിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നഷ്ടം കണക്കാക്കി.