മാവേലി സ്റ്റോർ കാലി; വിഷു ആഘോഷിക്കാനെത്തുന്ന കുമരകംകാർക്ക് നിരാശ
1416217
Saturday, April 13, 2024 6:42 AM IST
കുമരകം: വിഷു ആഘോഷിക്കാനായി മാവേലി സ്റ്റാേറിൽ എത്തുന്ന കുമരകം നിവാസികൾ നിരാശരായി മടങ്ങുന്നു. 13 ഇനം സബ്സിഡി സാധനങ്ങളിൽ ആകെയുള്ളത് മുളകും ചെറുപയറും മാത്രമാണ്. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയാൽ അരലിറ്ററിന് സബ്സിഡി ഉണ്ടെന്നാണ് പറയുക. എന്നാൽ സബ്സിഡിയുള്ള അര ലിറ്റർ വെളിച്ചെണ്ണ മാത്രമായി ലഭിക്കില്ല. ഒരു ലിറ്റർ വാങ്ങിയാൽ ഉപഭോക്താവിന് കാര്യമായ ലാഭവും ഇല്ല.
10 സബ്സിഡി സാധനങ്ങൾ മാത്രമല്ല, നോൺ സബ്സിഡി സാധനങ്ങളും മാവേലി സ്റ്റാേറുകളിൽ കണി കാണാനില്ല. സാോപ്പ്, സാോപ്പുപൊടി, കടുക്, ആട്ട, പപ്പടം, ശർക്കര തുടങ്ങി ഒരു സാധനവും ഇല്ലാതെ മാവേലി സ്റ്റാേറിലെ അലമാരകൾ കാലിയായി. തെരഞ്ഞെടുപ്പും വിഷുവും റംസാനും ഈസ്റ്ററും ഒക്കെയായിട്ടും സിവിൽ സപ്ലെെസ് വകുപ്പിന് സാമ്പത്തിക ബാധ്യത മൂലം കേരള ജനതയെ സഹായിക്കാനാവാത്ത സ്ഥിതിയാണ്.
സാധനങ്ങൾ വകുപ്പിന് നൽകിയതിന്റെ പണം ലഭിക്കാതെ വിതരണക്കമ്പനികളും കടക്കെണിയിലായിരിക്കുകയാണ്. സബ്സിഡി സാധനങ്ങൾക്കു വില കൂട്ടിയെങ്കിലും ഒന്നും ഇപ്പോഴും സ്റ്റോക്കില്ല. വിഷു ആഘോഷിക്കാൻ പുറം മാർക്കറ്റിൽനിന്നു കൂടിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ.