പുളിന്തറ -കൊണ്ടൂക്കാലാ- ഇലയ്ക്കാട് റോഡ് തകര്‍ന്ന് ഗതാഗതം ദുരിതമായി
1416218
Saturday, April 13, 2024 6:56 AM IST
കുറുപ്പന്തറ: പുളിന്തറ-കൊണ്ടൂക്കാലാ-ഇലയ്ക്കാട് പിഡബ്ല്യുഡി റോഡ് തകര്‍ന്ന് ഗതാഗതം ദുരിതമായി. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ റോഡില്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. കോട്ടയം - എറണാകുളം റോഡിലെ പുളിന്തറ ഭാഗത്താരംഭിച്ചു കൊണ്ടൂക്കാലാ വഴി ഇലയ്ക്കാടിന് പോകുന്ന പ്രധാന റോഡാണ് ഏറെക്കാലങ്ങളായി തകര്‍ന്നു കിടക്കുന്നത്.
ടാറിംഗ് പൊട്ടിത്തകര്‍ന്നു പലയിടത്തും റോഡ് കുഴിയായി കിടക്കുകയാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പുളിന്തറയില്നിന്നുമാരംഭിക്കുന്ന ഭാഗം മുതല്‍ കൊണ്ടൂക്കാലാ വരെ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
പുളിന്തറയിൽനിന്നു കൊണ്ടൂക്കാലാ ജംഗ്ഷനിലെത്തിയാണ് സ്ലീവാപുരം പള്ളി, കാഞ്ഞിരത്താനം, കളത്തൂര്‍, തോട്ടുവ, കുറവിലങ്ങാട്, കോതനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കെല്ലാം തിരിഞ്ഞുപോകുന്നത്. ഇങ്ങോട്ടേക്കെല്ലാം വന്നുപോകുന്ന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
ഇരുചക്രവാഹനയാത്രക്കാര് തകര്‍ന്ന റോഡില്‍ വീണ് അപകടത്തില്‍പ്പെടുന്നതു പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. ടാറിംഗ് നടത്തി റോഡ് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.