നാളെ ആവേശപ്പൂരം; കോട്ടയം കൊട്ടിക്കയറും
1418154
Monday, April 22, 2024 11:35 PM IST
കോട്ടയം: തീക്കനല്‍പോലെ ചുട്ടുപൊള്ളിയ രാഷ്ട്രീയച്ചൂടിന് ശമനമാവുകയാണ്. വിജയക്കൊടി പാറിക്കാനുള്ള ആവേശത്തിനൊടുവില്‍ പ്രചാരണത്തിന്റെ ആറാട്ട് 24നാണ്. വൈകാതെ കൊടിറക്കവും. ആള്‍ക്കൂട്ടവും ആരവവുമാണ് കലാശക്കൊട്ടിന്റെ വിജയം. ആള്‍ബലം ആര്‍ക്കൊപ്പം, കൂടുതല്‍ ഉയരത്തില്‍ കൊടിയടയാളം എവിടെ എന്നൊക്കെ വോട്ടര്‍മാര്‍ വിലയിരുത്തുന്നതും സമാപനത്തിലെ തിരയിളക്കം നോക്കിയാണെന്നിരിക്കെ മുന്നണികള്‍ ഇതിനുള്ള വലിയ ഒരുക്കത്തിലാണ്.
നാളെ വൈകുന്നേരം ആറിനാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്. വൈകുന്നേരം നാലു മുതല്‍ ആറുവരെ കോട്ടയം നഗരവട്ടം ചുറ്റി കലാശക്കൊട്ട് നടത്താനാണ് മൂന്നു മുന്നണികളും തീരുമാനിച്ചിരിക്കുന്നത്. കൂടാതെ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും മേളക്കൊട്ടുണ്ടാകും.
സ്ഥാനാര്‍ഥികളും പ്രധാന നേതാക്കളും പ്രവര്‍ത്തകരും കോട്ടയം നഗരം കേന്ദ്രീകരിച്ച് പ്രകടനം നടത്തും. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ മാമ്മന്‍മാപ്പിള ഹാള്‍വരെ യുഡിഎഫിനും സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ തിരുനക്കര അമ്പലം റോഡുവരെ എല്‍ഡിഎഫിനും സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ റൗണ്ടാന വരെ എന്‍ഡിഎക്കും ചാടിയും തുള്ളിയും കൊട്ടിയും പാടിയും പോകാന്‍ വഴിയിടം അനുവദിച്ചിട്ടുണ്ട്.
അനൗണ്‍സ്മെന്റ് വാഹനങ്ങളും കൊടിതോരണങ്ങളും വാദ്യമേളങ്ങളും വര്‍ണബലൂണുകളും ഡിജെയും വെടിക്കെട്ടുമൊക്കെയായി കൊട്ടിക്കലാശം കൊഴുപ്പിക്കാനും ആവേശത്തിരയിളക്കാനും മുന്നണികള്‍ അവസാന വട്ടം ഒരുക്കത്തിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാളെ രാവിലെമുതല്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് പര്യടനം. മൂന്നിന് പര്യടനം അവസാനിച്ച് നാലിന് കോട്ടയത്തെ കലാശക്കൊട്ടില്‍ പങ്കെടുക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ഥിയും നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. വാദ്യമേളങ്ങള്‍, ഡിജെ, കലാരൂപങ്ങള്‍ എന്നിവ സമാപനത്തിന് മിഴിവേകും. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക്റാലിയും റോഡ് ഷോയും തൊഴിലാളികള്‍ അണിനിരക്കുന്ന ഓട്ടോറിക്ഷ റാലിയുമുണ്ട്. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ സ്ഥാനാര്ഥിക്കൊപ്പമുണ്ടാകും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് നാളെ രാവിലെ പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും. വൈകുന്നേരം നാലിന് തുറന്ന വാഹനത്തില്‍ കോട്ടയത്തെ കലാശക്കൊട്ടില്‍ പങ്കെടുക്കും. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, മന്ത്രി വി.എന്‍. വാസവന്, വി.ബി. ബിനു എന്നിവര്‍ സ്ഥാനാര്ഥിക്കൊപ്പമുണ്ടാകും. ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡിജെ, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ണബലൂണുകളുമായി റാലി, കലാരൂപങ്ങള്‍, ശിങ്കാരമേളം എന്നിവ ആവേശം പകരും.
വിപുലമായ പരിപാടികളാണ് എന്‍ഡിഎ ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്കു ശേഷം കലാശക്കൊട്ടിനായി നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എത്തും. നൂറുകണക്കിനു വനിതകളെ ബിഡിജെഎസ് രംഗത്തിറക്കുന്നുണ്ട്. ചെണ്ടയും ബാന്‍ഡും ഡിജെയും മേളപ്പെരുക്കം തീര്‍ക്കും.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് റിഫ്രെഷ്മെന്റ് പരിശീലനം
കോട്ടയം: ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കു നാളെ രാവിലെ 10 മുതല്‍ പരിശീലനകേന്ദ്രങ്ങളില്‍ റിഫ്രെഷ്മെന്റ് പരിശീലനം നല്‍കും. രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രങ്ങളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും പോളിംഗ് ഓഫീസര്‍മാരും അന്നേദിവസം പരിശീലനത്തിനു ഹാജരാകണം.
പരിശീലനകേന്ദ്രങ്ങള്‍ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ:
പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിന്‍സെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈക്കം
ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍,
കോട്ടയം: സിഎംഎസ് കോളജ് കോട്ടയം.
പുതുപ്പള്ളി: മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കോട്ടയം.
ചങ്ങനാശേരി: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞിരപ്പള്ളി
പൂഞ്ഞാര്‍: സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞിരപ്പള്ളി