അശ്രദ്ധയും അമിത വേഗവും; മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ പെരുകുന്നു
1418185
Monday, April 22, 2024 11:36 PM IST
മുണ്ടക്കയം: വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും വാഹന പരിശോധന ഇല്ലാത്തതും മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു.
രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അപകടങ്ങൾ
കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ മുണ്ടക്കയം ബൈപാസിലുണ്ടായ രണ്ടു വലിയ അപകടങ്ങളിൽ ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഇന്നോവ കാറും ആൾട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വീട്ടിലെത്തിയ ആൾട്ടോ കാർ എതിർ ദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു.
കഴിഞ്ഞ ശനിയാഴ്ച അമിത വേഗത്തിലെത്തിയ ആഡംബര പോർഷേ കാർ ബൈപാസ് റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
ഇതു കൂടാതെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ബൈപാസ് റോഡിൽ ഉണ്ടാകുന്നത്. വാഹനങ്ങൾ കുറവുള്ള മുണ്ടക്കയം ബൈപാസ് റോഡിൽ അമിത വേഗത്തിലാണ് പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. കൂടാതെ പരിശോധനകൾ ഒന്നുമില്ലാത്തതും അപകടങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി യുവാക്കൾ ബൈക്കിലെത്തി ബൈപാസ് റോഡിൽ അഭ്യാസപ്രകടനം നടത്തുന്നതും പതിവാണ്.
ഗതാഗതക്കുരുക്കിന്
പരിഹാരമില്ല
മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി നാളുകൾക്ക് മുമ്പ് നിർമിച്ച ബൈപാസ് റോഡിലൂടെ ഇപ്പോഴും പേരിനുമാത്രം വാഹനങ്ങളാണ് കടന്നുപോകുന്നത്.
ബൈപാസ് ആരംഭിക്കുന്ന കോസ്വേ ജംഗ്ഷനിലേക്ക് ദേശീയപാതയിൽനിന്നു വാഹനങ്ങൾ തിരിഞ്ഞിറങ്ങുന്നിടത്ത് റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്കും മൂലം ഒട്ടുമിക്ക വാഹനങ്ങളും ദേശീയപാതയിലൂടെ തന്നെ സഞ്ചരിക്കുകയാണ് പതിവ്. ടൗണിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും ബൈപാസ് റോഡിലൂടെയുള്ള വാഹനഗതാഗതം കുറവായിരിക്കും. ബൈപ്പാസിലൂടെ കടന്നു പോകുന്ന വാഹനങ്ങളാകട്ടെ ഭൂരിഭാഗവും അമിത വേഗത്തിലുമായിരിക്കും. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. മണിമലയാറിന്റെ തീരത്തുകൂടി നിർമിച്ചിരിക്കുന്ന ബൈപാസ് റോഡിൽ രാത്രികാലങ്ങളിൽ വിശ്രമിക്കുന്നതിനും പ്രഭാത സവാരിക്കുമായി എത്തുന്നവരും ധാരാളമുണ്ട്.
വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും.