കോട്ടയം- എറണാകുളം സ്പെഷൽ ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിൽ പിടിച്ചിട്ടു
1418241
Tuesday, April 23, 2024 6:22 AM IST
കടുത്തുരുത്തി: ബ്രേക്ക് ബൈൻഡിംഗ് (ജാമറിലെ) തകരാർമൂലം കോട്ടയം -എറണാകുളം സ്പെഷൽ (പാസഞ്ചർ) ട്രെയിൻ വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷനിൽ പിടിച്ചിട്ടു. 16 മിനിട്ടോളമാണ് പാസഞ്ചർ ട്രെയിൻ വൈക്കം റോഡിൽ പിടിച്ചിട്ടത്.
ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രെയിൻ. കുറുപ്പന്തറ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരൻ മുന്നോട്ടുനീങ്ങിയ ട്രെയിനിന്റെ നാലും അഞ്ചും കോച്ചുകളുടെ അടിഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് സ്റ്റേഷനിൽ അറിയിച്ചു.
ഈ വിവരം ഉടൻതന്നെ കുറുപ്പന്തറ സ്റ്റേഷനിൽനിന്നു വൈക്കം റോഡ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിടുകയായിരുന്നു. തുടർന്ന് ലോക്കോ പൈലറ്റും ഗാർഡും റെയിൽവേസ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് തകരാർ പരിഹരിക്കുകയായിരുന്നു. ട്രെയിൻ നിർത്തുന്നതിനായി ശ്രമിക്കുന്നതിനിടെ വീലിലെ ബ്രേക്ക് ജാമർ പ്രവർത്തനരഹിതമായതാണ് തകരാറിനിടയാക്കിയത്. തകരാർ പരിഹരിച്ചതിനെത്തുടർന്ന് 16 മിനിട്ടിനുശേഷം ട്രെയിൻ എറണാകുളത്തേക്കു യാത്ര പുറപ്പെട്ടു.