വെച്ചൂർ അഞ്ചുമനപാലം സമീപറോഡ് നിർമ്മാണം ഇഴയുന്നതായി പരാതി
1418247
Tuesday, April 23, 2024 6:22 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡിലെ വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിനു സമീപത്തെ അഞ്ചുമന പാലത്തിന്റെ സമീപ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണിട്ടുയർത്തൽ തുടങ്ങി. മൂന്നുവർഷം മുമ്പ് പൂർത്തിയാകേണ്ട പാലം സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായപ്പോൾ വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കലുമായി ബന്ധപ്പെട്ടും തടസമുണ്ടായി. വൈദ്യുതിലൈൻ മാറ്റിസ്ഥാപിച്ച ശേഷം കഴിഞ്ഞ ഒന്നരമാസമായി വളരെക്കുറച്ച് തൊഴിലാളികൾ മാത്രം പണിയെടുക്കുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. സമീപ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ പാലത്തിന്റെ സമീപ റോഡിനോട് ചേർന്നുള്ള മൂന്നു കുടുംബങ്ങൾക്കു നിരത്തിലേയ്ക്കെത്താൻ ഏറെ കഷ്ടപ്പെടേണ്ടിവരുന്നു.
വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ മണ്ണിട്ടുയർത്തി സമീപ റോഡ് ബലപ്പെടുത്താമെന്നിരിക്കെ പണി ഇഴയുന്നത് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള കണ്ണിൽപ്പൊടിയിടലാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇനി ദിവസങ്ങളെടുത്ത് സമീപറോഡ് മണ്ണിട്ടുയർത്തിയാലും കുറഞ്ഞത് ഒരു മാസമെങ്കിലും വാഹനങ്ങൾ കയറി ഇറങ്ങിയശേഷമേ ടാറിംഗ് നടത്താനാകു. അരനൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ജീർണിച്ച് അപകട ഭീഷണിയിലായിരുന്ന വീതികുറഞ്ഞ പാലം പൊളിച്ചുനീക്കിയ ശേഷമാണ് അഞ്ചുമന തോടിനു കുറുകെ 18 മീറ്റർ വീതിയിൽ 3,33,00,000 രൂപ വിനിയോഗിച്ച് പാലം നിർമിച്ചത്.
സമീപ റോഡിനായി പിന്നീട് 18 ലക്ഷത്തോളം രൂപ അനുവദിച്ചു. 2020 ഒക്ടോബർ 22ന് ആരംഭിച്ച പാലത്തിന്റെ നിർമാണം 2021 ഒക്ടോബർ 22ന് പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ, പാലം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും പാലത്തിലൂടെ ഗതാഗതം സാധ്യമായില്ല.
പുതിയ പാലത്തിന് സമാന്തരമായി നിർമിച്ച താത്കാലിക റോഡിലൂടെയാണ് വാഹനഗതാഗതം നടന്നുവരുന്നത്. 11.75 കിലോമീറ്റർ ദൈർഘ്യമുള്ള വൈക്കം- വെച്ചൂർ റോഡ് വീതി കൂട്ടി പുനർനിർമിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അഞ്ചുമന പാലം നിർമിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിക്കുന്നതിനു മുന്നോടിയായാണ് പാലം നിർമിച്ചത്.