വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ എസി കനാല്‍ തുറക്കണം: കനാല്‍ സംരക്ഷണസമിതി
1418248
Tuesday, April 23, 2024 6:22 AM IST
ചങ്ങനാശേരി: വെള്ളപ്പൊക്കത്തിന്റെ ശക്തമായ കെടുതികള്‍ നേരിടുന്ന ചങ്ങനാശേരി, കുട്ടനാട് താലൂക്കുകളിലെ ചങ്ങനാശേരി ബോട്ട് ജെട്ടി, മനക്കച്ചിറ, പൂവം, എടത്വാ, തലവടി, മുട്ടാര്‍, വെളിയനാട്, രാമങ്കരി, തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളെ വെള്ളക്കെട്ടില്‍നിന്ന് സംരക്ഷിക്കാനും വെള്ളപ്പൊക്ക ദുരിതം ലഘൂകരിക്കാനും എസി കനാല്‍ അടിയന്തരമായി തുറക്കണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി സംഘടിപ്പിച്ച കുടുംബസദസ് ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസി കനാല്‍ തുറക്കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോടികള്‍ മുടക്കി പുതിയതായി നിര്‍മിച്ചിരിക്കുന്ന എസി റോഡ് സംരക്ഷിക്കാനും ക്രമാതീതമായി റോഡ് ഉയര്‍ത്തിയതിനാല്‍ കനാലിന് തെക്കു ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളക്കട്ട് ഒഴിവാക്കാനും കനാല്‍ തുറക്കാതെ മാര്‍ഗമില്ല. കാലവര്‍ഷം എത്തുന്നതിനുമുമ്പ് കിഴക്കുനിന്ന് ഒഴുകിയെത്തുന്ന അധികജലം കനാലിലൂടെ മണിമലയാറ്റിലേക്ക് പുറന്തള്ളുവാന്‍ ഒന്നാംകര കനാല്‍ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും കുടുംബ സദസ് ആവശ്യപ്പെട്ടു.
കനാല്‍ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ മുട്ടാര്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാന്‍മഠം ഉദ്ഘാടനം ചെയ്തു. സൈബി അക്കര, എ.സി. വിജയപ്പന്, അലക്സാണ്ടര്‍ പുത്തന്‍പുര, റോണി കുരിശുംമൂട്ടില്‍, എബിന് അലക്സാണ്ടര്‍, ലിജു വിദ്യാധരന്, ശശികുമാര്‍ കാഞ്ഞിരത്തംമൂട്ടില്, അപ്പച്ചന്‍കുട്ടി ആശാരിപറമ്പ്, കറിയാച്ചന് വടകര, ജോസ് ചുങ്കപുര, സദാനന്ദന് വായ്പൂക്കരി, അരുണ്‍ ഓമനക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.