കുമരകം റോഡരികിൽ അപകടക്കെണിയായി വൻ കുഴി
1418258
Tuesday, April 23, 2024 6:22 AM IST
കുമരകം: കോണത്താറ്റു പാലം നിർമാണം തുടങ്ങിയതാേടെ കുമരകം വഴിയുള്ള വാഹന യാത്ര ഏറെ ദുരിതത്തിലായിരിക്കുകയാണ്. കൂനിന്മേൽ കുരുവെന്ന പോലെ റോഡ് ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുകയാണിപ്പോൾ. കുമരകം ആറ്റാമംഗലം പള്ളിവക സ്ഥലത്തെ താല്കാലിക ബസ് സ്റ്റാൻഡിനു മുന്നിലാണു കുളത്തിന് സമാനമായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
കോട്ടയത്തുനിന്നുള്ള ബസുകൾ ഈ ബസ് സ്റ്റാൻഡ് വരെയെ സർവീസ് നടത്തുന്നുള്ളു. നൂറുകണക്കിന് ബസുകൾ ബസ് സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കുഴി അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് പാടത്തെ കട്ട കുത്തിപ്പാെക്കി നിർമിച്ച റാേഡായതിനാൽ കുഴിയുടെ ആഴം കൂടുന്നതിന് ഏറെ നാൾ വേണ്ട. ടാർ റോഡും കഴിയും തമ്മിൽ വലിയ അന്തരം ഉള്ളതിനാൽ കോട്ടയം ഭാഗത്തേക്കു പോകുന്ന ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സമീപത്തുള്ള കട ഉടമകൾ പറഞ്ഞു. ഇപ്പാേൾ വേനലായതിനാൽ കുഴിയുടെ ആഴം കാണാൻ സാധിക്കും.
മഴ തുടങ്ങുന്നതാേടെ റോഡ് ഏത് കുഴി ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കും. കുഴി എത്രയും വേഗം അടച്ച് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.